ബെംഗളൂരു: ബിഡദിയില്‍ നിർദ്ദിഷ്ട എഐ ടൗണ്‍ഷിപ്പ് പദ്ധതിക്കായി ഭൂമി സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ ചൂലെടുത്ത് അടിച്ചോടിച്ച് വനിതാ കർഷകർ.ഇവർ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതി പത്രം കാണിക്കാതെ സർവേ നടത്താൻ അനുവദിക്കില്ലെന്ന് കർഷകർ പറഞ്ഞു. ബിഡദി ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മേഖലയില്‍ വലിയ പ്രതിഷേധം നിലവിലുണ്ട്. മണ്ഡലഹള്ളി ഗ്രാമത്തില്‍ ഭൂമി സർവേ നടത്താനാണ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാല്‍, പച്ച ഷാളുകള്‍ ധരിച്ച നൂറുകണക്കിന് വനിതാ കർഷകർ ഉദ്യോഗസ്ഥരുടെ വാഹനം വളഞ്ഞു. വാഹനങ്ങളില്‍ ചൂലുകൊണ്ട് അടിച്ചു.ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാൻ മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഉടൻ തന്നെ കർഷകരുടെ ഒരു യോഗം വിളിച്ചുചേർക്കുമെന്ന് സ്ഥലം എംഎല്‍എ എച്ച്സി ബാലകൃഷ്ണ കർഷകർക്ക് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈയോഗം ഇതുവരെ നടന്നിട്ടില്ല. കർഷകരുടെ പ്രതിഷേധം പ്രതീക്ഷിച്ച് തന്നെയാണ് ഉദ്യോഗസ്ഥർ എത്തിയത്. ഇവർക്കൊപ്പം വൻ പോലീസ് സന്നാഹം എത്തിയിരുന്നു. സർക്കാരിന്റേത് കടുത്ത വഞ്ചനയാണെന്ന് കർഷകർ ആരോപിച്ചു.സർക്കാർ കർഷകരോട് ചർച്ച ചെയ്യാതെ നീക്കങ്ങള്‍ നടത്തുന്നതിനെതിരെ കർണാടക പ്രാന്ത റൈത സംഘം (KPRS) സംസ്ഥാന ജനറല്‍ സെക്രട്ടറി യശവന്ത ടി രംഗത്ത് വന്നു. ചർച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന ഉറപ്പ് സർക്കാർ ലംഘിച്ചതായി അദ്ദേഹം പറഞ്ഞു. സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്താൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർ കാലങ്ങളായി ആശ്രയിക്കുന്ന ഫലഭൂയിഷ്ടമായ ഭൂമിയാണ് മേഖലയിലുള്ളതെന്ന് യശവന്ത പറഞ്ഞു. വർഷത്തില്‍ ഒന്നില്‍ക്കൂടുതല്‍ വിളവെടുപ്പ് ഇവിടെ നടക്കുന്നു.
ഭൂമി ടൗണ്‍ഷിപ്പിനായി വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിഷേധത്തിനിടെ കെമ്പഷെട്ടിദൊഡ്ഡി ഗ്രാമത്തിലെ കൃഷ്ണപ്പ എന്ന കർഷകനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും സംഘടന ആരോപിച്ചു. പോലീസ് കാവലില്‍ ഉദ്യോഗസ്ഥർ സ്ഥലത്തു തന്നെ തുടർന്നെങ്കിലും കർഷകർ പിൻവാങ്ങാൻ തയ്യാറായില്ല.ബിഡദിയില്‍ അത്യാധുനിക മെഗാ ടൗണ്‍ഷിപ്പ് സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്. ബെംഗളൂരു നഗരത്തിലെ തിരക്ക് കുറയ്ക്കാൻ നഗരത്തിന്റെ വലിപ്പം കൂട്ടുന്ന പദ്ധതി കൂടിയായി ഇത് മാറും. എഐ സാങ്കേതികതയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയായിരിക്കും നഗരം ഡിസൈൻ ചെയ്യുക. പദ്ധതിയില്‍ നിന്ന് പിൻവാങ്ങില്ലെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.