ബെംഗളൂരു: കെആർ പുരം മുതല്‍ ഹെബ്ബാള്‍ വരെ നീളുന്ന തുരങ്കപാതയ്ക്ക് ചെലവേറും. സമാനപാതയില്‍ ഓടുന്ന റെഡ് ലൈൻ മെട്രോയേക്കാള്‍ ചെലവ് കൂടൂതലായിരിക്കുമെന്നാണ് വിശദമായ പദ്ധതി രേഖയില്‍ (ഡിപിആർ) പറയുന്നത്.ഒരു കിലോമീറ്ററിന് ഏകദേശം 1.5 മടങ്ങ് അധിക ചെലവായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിശദമായ പദ്ധതി രേഖ പ്രകാരം ടണല്‍ റോഡിന് 1,061 കോടി രൂപയാണ് ചെലവ് വന്നേക്കുക. അതേസമയം ഈ റൂട്ടിലെ റെഡ് ലൈനിന്‍ കിലോ മീറ്ററിന് 687 കോടി രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന നിർമ്മാണ ചെലവ്. തിങ്കളാഴ്ചയാണ് വിശദമായ പദ്ധതി രേഖ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.നമ്മ മെട്രോ റെഡ് ലൈനിൻ്റെ ഫേസ് ത്രീക്ക് 37.80 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. സർജാപൂരിനേയും ഹെബ്ബാളിനേയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത് 25,999 കോടി രൂപയാണ്. അതായത് ഒരു കിലോമീറ്ററിന് ശരാശരി 687 കോടി രൂപ ചെലവ് വന്നേക്കും.
റെഡ് ലൈനില്‍ 23.524 കിമി എലിവേറ്റഡ് പാതയാണ്. ഇവിടെ 17 സ്റ്റേഷനുകള്‍ ഉണ്ടാകും. 14.28 കിമി ഭൂഗർഭപാതയാണ്. ഇതില്‍ 10 സ്റ്റേഷനുകളും വരും. അതായത് ആകെ 27 സ്റ്റേഷനുകള്‍.അതേസമയം ഡിപആർ പ്രകാരം 16.75 കിമി നീളത്തിലള്ള ടണല്‍ റോഡ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത് 17,780 കോടി രൂപയാണ്. അതയാത് ഒരു കിലോ മീറ്ററിന് 1,061 രൂപ. പദ്ധതി പൂർത്തിയാകുമ്പോഴേക്കും ചെലവ് 45 ശതമാനം വർധിക്കാൻ സാധ്യതയുണ്ടെന്നും ഡിപിആറില്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കിലോ മീറ്ററിന് 1,538 കോടിയായി ചെലവ് ഉയർന്നേക്കും.നിർമ്മാണ ചെലവ് മാത്രമല്ല, ടണല്‍ റോഡ് വഴിയുള്ള യാത്ര ചെലവും ഉയർന്നതായിരിക്കും. നിലവില്‍ റെഡ് ലൈനില്‍ ഈ റൂട്ടിലൂടെ പരമാവധി ടിക്കറ്റ് നിരക്ക് 90 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ടണല്‍ റോഡ് വഴി കുറഞ്ഞത് 600 രൂപയെങ്കിലും ടോള്‍ നല്‍കേണ്ടി വരും.
അതുമാത്രമല്ല എല്ലാതരം വാഹനങ്ങള്‍ക്കും ടണല്‍ റോഡിലൂടെ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരിക്കില്ല.മെട്രോ പദ്ധതിയുടെ ചെലവിനെ ചൊല്ലിയും നേരത്തേ വലിയ ചർച്ചകള്‍ ഉയർന്നിരുന്നു. കാരണം ആദ്യം ബിഎംആർസിഎല്‍ സമർപ്പിച്ച ഡിപിആറില്‍ 28,405 കോടി രൂപയാണ് നിർദേശിക്കപ്പെട്ടിരുന്നത്. ഇത് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ചെയ്തു.തുടർന്ന് ഡിപിആർ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചു. എന്നാല്‍ ഉയർന്ന ചെലവായതിനാല്‍ അനുമതി നല്‍കാൻ സാധിക്കില്ലെന്നായിരുന്നു മന്ത്രാസയത്തിൻ്റെ നിലപാട്. തുടർന്ന് നിർദേശിച്ചിരുന്ന വെറ്ററിനറി കോളേജ് സ്റ്റേഷൻ ഒഴിവാക്കാൻ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് 25,999 കോടി രൂപയായി കുറഞ്ഞു.