Home കർണാടക മക്കള്‍ക്ക് വഴിവിട്ട് നിയമനം നല്‍കി: കര്‍ണാടക PSC ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെൻഡ് ചെയ്തു

മക്കള്‍ക്ക് വഴിവിട്ട് നിയമനം നല്‍കി: കര്‍ണാടക PSC ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെൻഡ് ചെയ്തു

by ടാർസ്യുസ്

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുകറെ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സസ്‌പെൻഡ് ചെയ്തു.രണ്ട് മക്കള്‍ക്ക് ഇൻഡസ്ട്രിയല്‍ എക്സ്റ്റൻഷൻ ഓഫീസർമാരായി വഴിവിട്ട രീതിയില്‍ നിയമനം നല്‍കിയെന്ന ഗുരുതരമായ അഴിമതി ആരോപണത്തെത്തുടർന്നാണ് അടിയന്തര നടപടി. വിഷയത്തില്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 317(1) പ്രകാരം സുപ്രീം കോടതി അന്വേഷണം നടത്താൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശയും നല്‍കി.പി.എസ്.സി ചെയർമാന്റെ നേരിട്ടുള്ള ആശ്രിതർ ഉദ്യോഗാർത്ഥികളായി പരീക്ഷ എഴുതിയിട്ടും, ആ വിവരങ്ങള്‍ മറച്ചുവെക്കുകയും സെലക്ഷൻ പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കാൻ ചെയർമാൻ തയ്യാറായില്ലെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഒബിസി സംവരണവും ക്രീമിലെയർ ആനുകൂല്യവും കൈക്കലാക്കാൻ സാഹുകറുടെ ഒരു മകള്‍ കുടുംബത്തിന്റെ വാർഷിക വരുമാനം വെറും 40,000 രൂപയാണെന്ന് കാണിച്ച്‌ വ്യാജ വരുമാന-ജാതി സർട്ടിഫിക്കറ്റ് ചമച്ചതായും കണ്ടെത്തി.

പിതാവ് ഉന്നത പദവിയിലിരിക്കെ യഥാർത്ഥ വരുമാനം മറച്ചുവെച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. കൂടാതെ, നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാന്റെ മക്കള്‍ക്ക് പിന്നാക്ക വിഭാഗ കോട്ടയില്‍ സംവരണത്തിന് അർഹതയില്ലെന്ന നിയമവും ഇവർ കാറ്റില്‍പ്പറത്തി.അന്വേഷണം സുതാര്യവും നിഷ്പക്ഷവുമായി നടത്തുന്നതിനും പി.എസ്.സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനുമാണ് ചെയർമാനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തതെന്ന് ഗവർണർ അറിയിച്ചു. രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ സസ്‌പെൻഷൻ തുടരും. താല്ക്കാലിക ചുമതല കമ്മീഷനിലെ ഏറ്റവും മുതിർന്ന അടുത്ത അംഗത്തിന് നല്‍കാനും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group