ബെംഗളൂരു: രണ്ട് പതിറ്റാണ്ടോളമായി യാതൊരു ഉപയോഗവുമില്ലാതെ കാടുപിടിച്ച് കിടന്ന മല്ലേശ്വരത്തെ പ്രശസ്തമായ ‘ആന പാർക്ക്’ (Aane Park) നാട്ടുകാരുടെ കൂട്ടായ്മയിൽ പുനരുദ്ധരിച്ചു. ആർ.ഡബ്ല്യു.എ (RWA), വെസ്റ്റ് സിറ്റി കോർപ്പറേഷൻ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA), വിവിധ എൻ.ജി.ഒകൾ എന്നിവർ ചേർന്നാണ് നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഹരിത ഇടങ്ങളിലൊന്ന് വീണ്ടെടുത്തത്.വെസ്റ്റ് സിറ്റി കോർപ്പറേഷന്റെ എഞ്ചിനീയറിംഗ്, ഹോർട്ടികൾച്ചർ വകുപ്പുകൾ ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വാഹനങ്ങൾ നൽകുകയും ചെയ്തിരുന്നു. രണ്ട് ആഴ്ചയോളം നീണ്ട പ്ലാനിംഗിനൊടുവിൽ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നാട്ടുകാർ ഇതിനുള്ള തുക കണ്ടെത്തിയത്.
എന്നാൽ, പണികൾ പൂർത്തിയായി അടുത്ത ദിവസം തന്നെ മല്ലേശ്വരത്തെ ബി.ജെ.പി എം.എൽ.എ സി.എൻ. അശ്വത് നാരായണന്റെ ചിത്രമുള്ള വലിയൊരു ബാനർ പാർക്കിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പാർക്ക് പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി തുറന്നുകൊടുക്കുന്നു എന്ന പേരിലായിരുന്നു ഇത്.മറ്റുള്ളവർ കഷ്ടപ്പെട്ട് പണിയെടുക്കുകയും അതിന്റെ ക്രെഡിറ്റ് വേറെ ആരെങ്കിലും കൊണ്ടുപോകുകയും ചെയ്യുന്നത് തികച്ചും നിരാശാജനകമാണെന്ന് പ്രദേശവാസിയായ പ്രീതി സുന്ദരരാജൻ പ്രതികരിച്ചു. രാഷ്ട്രീയവൽക്കരണം ഇതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും അവർ വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ പാർക്കിൽ കുട്ടികൾക്കായുള്ള പ്ലേഗ്രൗണ്ട് സ്ലൈഡ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.