കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിന് കാരണമായ മിനി കൂപ്പർ കാർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിൻ്റെയും മറ്റു പ്രതികളായ നിനവ്, ജോയല്‍, അമീൻ എന്നിവരുടെയും ജാമ്യ ഹർജികള്‍ എറണാകുളം അഡി.സെഷൻസ് കോടതി തള്ളി.പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെയും പുതിയ സി.സി ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ,ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സുഹൈല്‍ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനാ ഫലവും കാറിന്റെ ഇവന്റ് ഡേറ്റാ റെക്കാഡർ വിശദാംശങ്ങളും വരാനുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇതെല്ലാം കണക്കിലെടുത്താണ് ജാമ്യ ഹർജികള്‍ തള്ളിയത്.പ്രതികളുടെ ജാമ്യാപേക്ഷ നേരത്തേ അങ്കമാലി മജിസ്ട്രേട്ട് കോടതിയും തള്ളിയിരുന്നു. അപകടത്തിന് പിന്നാലെ മൂന്നാം പ്രതി ജോയല്‍ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. സുഹൈല്‍ മദ്യപിച്ച് അമിത വേഗത്തിലാണ് വാഹനമോടിച്ചതെന്ന് ഇതില്‍ പറയുന്നുണ്ട്.ഈ മാസം 11ന് പുലർച്ചയുണ്ടായ അപകടത്തില്‍, സ്കൂട്ടർ യാത്രികരായ ദേവിക, ഇയാസ്, ഗോപിക എന്നിവർക്കാണ് ജീവൻ നഷ്ടമായത്. അറസ്റ്റിലായ പ്രതികള്‍ കാക്കനാട് ബോസ്റ്റല്‍ സ്കൂളില്‍ റിമാൻഡിലാണ്.