കോവളം സ്പാ പീഡന കേസുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരി അറസ്റ്റില്‍. ബെംഗളൂരു സ്വദേശിനി വാണിയാണ് അറസ്റ്റിലായത്.ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ബെംഗളൂരുവില്‍ നിന്നുമാണ് പിടികൂടിയത്. കോവളം സ്പായില്‍ പീഡനത്തിന് ഇരയായ 16 വയസുകാരിയെ കേരളത്തിലെത്തിച്ചത് വാണിയാണ്.നേരത്തെ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംഘം ബെംഗളൂരുവിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
വാണി ഉള്‍പ്പെട്ട സംഘമാണ് പെണ്‍കുട്ടിയെ കോവളത്തെ സ്പാ ഉടമകള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.പെണ്‍കുട്ടിയുടെ ഇളയമ്മയ്ക്ക് ബെംഗളൂരുവില്‍ വീടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പെണ്‍കുട്ടിക്കൊപ്പം ഇളയമ്മയും അവിടെയാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് വാണി ഉള്‍പ്പെട്ട സംഘവുമായി ഇളയമ്മ പരിചയത്തിലാകുന്നത്. തുടർന്ന് പണം വാങ്ങി പെണ്‍കുട്ടിയെ ചെന്നൈയിലെ ഒരു സ്പായിലേക്ക് അയച്ചു.ചെന്നൈയില്‍ രണ്ടുമാസത്തോളം ജോലി ചെയ്ത പെണ്‍കുട്ടി പിന്നീട് ഇളയമ്മയ്ക്കൊപ്പം ബെംഗളൂരുവിലേക്ക് മടങ്ങി. തുടർന്നാണ് ക്രിമിനല്‍ സംഘത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ എത്തിച്ചത്.
സ്പാ പീഡനക്കേസില്‍ വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്പാ പീഡന കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഹെല്‍ത്ത് ഇൻസ്പെക്ടറാണ് നഗരൂർ ഹെല്‍ത്ത് ഇൻസ്പെക്ടർ ആയ മായ. സ്പാ വരുമാനം ആദ്യമെത്തിയത് മായയുടെ അക്കൗണ്ടിലേക്കാണ്. അതില്‍ നിന്നാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അനുരൂപിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. തിരുവനന്തപുരം കോർപറേഷൻ ഹെല്‍ത്ത് ഇൻസ്പെക്ടർ ആയ ഇയാളെ അറസ്റ്റിന് ശേഷം സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.