ദക്ഷിണേന്ത്യയ്ക്ക് ആദ്യമായി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ലഭിക്കാന്‍ പോകുന്നു. നവംബര്‍ ഒന്നിന് ആയിരിക്കും ഉദ്ഘാടനം.ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും സര്‍വീസ്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസ് ആണ് റെയില്‍വെ ഉദ്ദേശിക്കുന്നത്. കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ലഭിക്കുന്നതിന് ഇനിയും കാത്തിരിക്കണം.അസം-ബംഗാള്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിച്ചാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. രണ്ടാമത്തേത് ബെംഗളൂരു-മുംബൈയില്‍ റൂട്ടില്‍ ആയിരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഡല്‍ഹിക്കും ഉത്തര്‍ പ്രദേശിലെ വാരണസിക്കുമിടയില്‍ ആണ് രണ്ടാം ട്രെയിന്‍ എന്നാണ് പുതിയ വിവരം. ഒക്ടോബര്‍ 31ന് ഈ സര്‍വീസ് ആരംഭിക്കുമത്രെ.അത് ശരിയാണെങ്കില്‍ രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആയിരിക്കും മുംബൈ-ബെംഗളൂരു റൂട്ടില്‍.
നവംബര്‍ ഒന്നിന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കുമെങ്കിലും പതിവ് സര്‍വീസ് ആരംഭിക്കുന്നത് നവംബര്‍ മൂന്നിന് ആയിരിക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ഈ റൂട്ടിലെ സര്‍വീസ്.നവംബര്‍ ഒന്നിന് പകല്‍ 10.30ന് ആയിരിക്കും ഫ്‌ളാഗ് ഓഫ് ചടങ്ങ്. എന്നാല്‍ മൂന്നിന് രാത്രി മുതലായിരിക്കും ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള ആദ്യ സര്‍വീസ്. ബെംഗളൂരു എസ്‌എംവിടിയില്‍ നിന്ന് തുടങ്ങി മുംബൈ സിഎസ്‌എംടി വരെയാകും സര്‍വീസ്. ഏകദേശം 16 മണിക്കൂര്‍ ആണ് രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസിന് വേണ്ടി വരുന്ന സമയം. ഒരു സെറ്റ് ട്രെയിന്‍ ആണ് അനുവദിക്കുക എന്നതിനാല്‍ ഒരേ സമയം ഇരുഭാഗത്തേക്കും യാത്ര സാധ്യമാകും.വന്ദേഭാരത് സ്ലീപ്പറിന്റെ സമയം, ഓരോ സ്‌റ്റേഷനിലും എത്ര നേരം നിര്‍ത്തിയിടും, ടിക്കറ്റ് നിരക്ക് എന്നിവ നവംബര്‍ ഒന്നിന് റെയില്‍വെ ബോര്‍ഡ് പരസ്യമാക്കും.
ഇതോടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുക. ഇതുവരെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് 7.50നാണ് പുറപ്പെടുക. തൊട്ടടുത്ത ദിവസം പകല്‍ 11.55ന് മുംബൈയിലെത്തും. മുംബയില്‍ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പകല്‍ 11.55ന് ബെംഗളൂരുവില്‍ മറ്റൊരു സ്ലീപ്പര്‍ എത്തും.ഗുണ്ടകല്‍ റൂട്ടിലാകും യാത്ര. ആനന്ദ്പൂര്‍, ഗുണ്ടകല്‍, റായ്ചൂര്‍, കലബുറഗി, സോളാപൂര്‍, പൂനെ, കല്യാണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും. ഭക്ഷണം ഉള്‍പ്പെടെ തേഡ് എസിയിലെ യാത്രയ്ക്ക് 3000 രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇതേ റൂട്ടില്‍ മറ്റു ട്രെയിനുകള്‍ ഓടുന്നത് 22 മണിക്കൂര്‍ എടുത്താണ്. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് കൂടിയാലും വന്ദേഭാരതില്‍ യാത്രക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷ.