ബെംഗളൂരു: കാല്‍നടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ നഗരത്തിലെ വഴിയോരങ്ങള്‍ വീണ്ടെടുക്കുന്ന തിരക്കിലാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA).ജൂണ്‍ 1 മുതല്‍ 8 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം 430 കിലോമീറ്റർ നടപ്പാതകളിലെ കൈയേറ്റങ്ങളാണ് അധികൃതർ ഒഴിപ്പിച്ചത്. പൊതുജനങ്ങള്‍ക്കായി നടപ്പാതകള്‍ പൂർണ്ണമായും തുറന്നുകൊടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് ജിബിഎ. അതേസമയം കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളെ തുടർന്നുള്ള വഴിയോര കച്ചവടക്കാരുടെ ആശങ്കകള്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍ മന്ത്രി കൃഷ്ണ ബൈര ഗൗഡ കേട്ടു. സർക്കാർ പാവപ്പെട്ടവർക്കൊപ്പം ഉണ്ടാകുമെന്നും വഴിയോര കച്ചവടക്കാർ വരുമാനം നേടണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ നടപ്പാതകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിക്കാതെ നിർവാഹമില്ലെന്നും ജിബിഎ അറിയിച്ചു.
ബെംഗളൂരുവിലെ 1,500 കിലോമീറ്റർ നീളമുള്ള പ്രധാന റോഡുകളിലെ നടപ്പാതകളില്‍ കച്ചവടം ചെയ്യരുതെന്നും അവിടെ കാല്‍നടയാത്ര സുഗമമായിരിക്കണമെന്നും ജിബിഎ അധികൃതർ വഴിയോര കച്ചവടക്കാരോട് ആവശ്യപ്പെട്ടു. പകരം, ബാക്കിയുള്ള 80-90 ശതമാനം വാർഡ് റോഡുകളിലും കച്ചവടം ചെയ്യാൻ ധാരാളം അവസരങ്ങളുണ്ട്. അവിടെ ബ്രഹത് ബംഗളൂരു മഹാനഗര പാലികെ പൂർണ പിന്തുണ നല്‍കുമെന്നും അധികൃതർ വ്യക്തമാക്കി.കച്ചവടക്കാരുടെ ആശങ്കകള്‍ക്ക് മറുപടിയായി, സ്ട്രീറ്റ് വെണ്ടേഴ്സ് ആക്ട് സർക്കാർ നടപ്പിലാക്കുമെന്നും കച്ചവടക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശങ്ങള്‍ പാലിക്കുമെന്നും ജിബിഎ അറിയിച്ചു.
അർഹരായ വഴിയോര കച്ചവടക്കാർക്ക് പുതിയ തിരിച്ചറിയല്‍ കാർഡുകള്‍ നല്കാൻ സുപ്രീം കോടതി അധികാരികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും അവ വേഗത്തില്‍ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും ജിബിഎ വ്യക്തമാക്കി.നിലവിലെ നടപടികള്‍ വഴിയോര കച്ചവടക്കാർക്ക് മാത്രമല്ല, മറിച്ച് നടപ്പാതകള്‍ കൈയേറി കച്ചവടം നടത്തുന്ന കടക്കാർക്കും പരസ്യ ബോർഡ് സ്ഥാപിക്കുന്നവർക്കും താല്‍ക്കാലിക ഷെഡ്ഡ് നിർമ്മിക്കുന്നവർക്കും അടക്കം ബാധകമാണെന്നും ജിബിഎ ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടമായി നടപ്പാതകളിലെ പാർക്കിങ്ങും ചെടികളുമടക്കം മറ്റ് തടസ്സങ്ങളും നീക്കം ചെയ്യും.