Home കർണാടക ബഹിരാകാശ ഡേറ്റാ വിനിമയത്തില്‍ ലേസര്‍ വിപ്ലവം സൃഷ്ടിക്കാന്‍ മലയാളിയുടെ ‘ഖ്വോസ്മിക്

ബഹിരാകാശ ഡേറ്റാ വിനിമയത്തില്‍ ലേസര്‍ വിപ്ലവം സൃഷ്ടിക്കാന്‍ മലയാളിയുടെ ‘ഖ്വോസ്മിക്

ബെംഗളൂരു: ബഹിരാകാശത്തുനിന്നും ഭൂമിയിലേക്കുള്ള ഡാറ്റാ കൈമാറ്റം അതിവേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്‌പേസ്-ടെക് സ്റ്റാര്‍ട്ടപ്പായ ‘ഖ്വോസ്മികിന് 32 കോടി രൂപയുടെ വിദേശ ഫണ്ടിംഗ്.2024-ല്‍ ആരംഭിച്ച ഈ ഡീപ്-ടെക് കമ്പനിയുടെ നേതൃനിരയില്‍ ശ്രദ്ധേയമായൊരു മലയാളി സാന്നിധ്യവുമുണ്ട്. ഖ്വോസ്മിക്കിന്റെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ (CTO) ഡോ. രോഹിത് രാമകൃഷ്ണനാണ് കമ്പനിയുടെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ) സെന്റര്‍ ഫോര്‍ ഹൈ എനര്‍ജി ഫിസിക്‌സില്‍ രാമന്‍ പോസ്റ്റ്-ഡോക്ടറല്‍ ഫെലോ കൂടിയാണ് അദ്ദേഹം.

ക്വാണ്ടം കമ്പ്യൂട്ടര്‍ സയന്റിസ്റ്റും ക്വാണ്ടം കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറുമായ രോഹിത്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഫോട്ടോണിക്‌സ് തുടങ്ങിയ മേഖലകളില്‍ ഏറെ വൈദഗ്ധ്യമുള്ള വ്യക്തിയാണ്. രോഹിത് രാമകൃഷ്ണനെ കൂടാതെ ശ്രേയാന്‍സ് ജെയിന്‍ , പ്രൊഫ. അലോക് കുമാര്‍ എന്നിവരാണ് മറ്റ് സഹസ്ഥാപകര്‍.നിലവില്‍ കൃത്രിമോപഗ്രഹങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് വിവരങ്ങള്‍ അയക്കാന്‍ റേഡിയോ ഫ്രീക്വന്‍സി സംവിധാനമാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന റെസല്യൂഷനുള്ള ഭൗമ നിരീക്ഷണ സാറ്റലൈറ്റുകള്‍ പ്രതിദിനം 1 മുതല്‍ 2 ടെറാബൈറ്റ് വരെ ഡാറ്റയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ ലഭിക്കുന്ന സമയം വളരെ കുറവായതിനാല്‍, ശേഖരിക്കുന്ന വിവരങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവുംഭൂമിയില്‍ എത്തുന്നതിനുമുമ്പ് തന്നെ സാറ്റലൈറ്റുകളില്‍ നിന്ന് മാഞ്ഞുപോവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു.

ഇതിനൊരു പരിഹാരമായി, ഒപ്റ്റിക്കല്‍ ഗ്രൗണ്ട് സ്റ്റേഷനുകളും ലേസര്‍ സാറ്റലൈറ്റ് ടെര്‍മിനലുകളും ഉപയോഗിച്ച്‌ ലേസര്‍ വഴി അതിവേഗത്തിലും സുരക്ഷിതമായും ഡാറ്റ ഭൂമിയില്‍ എത്തിക്കുന്ന സംവിധാനമാണ് ഖ്വോസ്മിക് വികസിപ്പിക്കുന്നത്. സെക്കന്‍ഡില്‍ 10 മുതല്‍ 100 ജിഗാബിറ്റ് (Gbps) വരെ വേഗതയില്‍ കുറഞ്ഞ ചിലവില്‍ ഡാറ്റാ കൈമാറ്റം സാധ്യമാക്കാന്‍ ഇതിലൂടെ കഴിയും.കേവലം ഭൗമനിരീക്ഷണത്തിനപ്പുറം, ബഹിരാകാശത്ത് വരാനിരിക്കുന്ന ‘ഓര്‍ബിറ്റല്‍ ഡാറ്റാ സെന്ററുകള്‍ക്കും’ ഈ സാങ്കേതികവിദ്യ കരുത്തേകും. സ്‌പേസ് എക്‌സ് (SpaceX), എന്‍വിഡിയ (Nvidia) തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ബഹിരാകാശത്ത് നിര്‍മ്മിത ബുദ്ധി (AI) കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, അവിടെ നിന്നുള്ള വലിയ തോതിലുള്ള ഡാറ്റാ കൈമാറ്റത്തിന് ഇത്തരം ലേസര്‍ സംവിധാനങ്ങള്‍ അനിവാര്യമായി മാറും.എന്നാല്‍ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് ചില വെല്ലുവിളികളുമുണ്ട്.

ഗാലക്‌സിഐ (GalaxEye) എന്ന മറ്റൊരു സ്‌പേസ്‌ടെക് സ്റ്റാര്‍ട്ടപ്പിന്റെ സിഇഒ ആയ സുയാഷ് സിംഗ് ചൂണ്ടിക്കാണിക്കുന്നത് പോലെ, ലേസര്‍ സംവിധാനത്തില്‍ കൃത്യത (pointing accuracy) ഉറപ്പുവരുത്തുക എന്നത് ഏറെ ശ്രമകരവും ഊര്‍ജ്ജം ആവശ്യമുള്ളതുമായ കാര്യമാണ്. കൂടാതെ, അന്തരീക്ഷത്തിലെ മേഘങ്ങള്‍ ഈ ലേസര്‍ വിനിമയത്തിന് തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍, ചില കാലാവസ്ഥകളില്‍ പഴയ റേഡിയോ ഫ്രീക്വന്‍സി സംവിധാനങ്ങളെ അപേക്ഷിച്ച്‌ ഇതിന് വിശ്വാസ്യത കുറവായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.ആഗോളതലത്തില്‍ ശ്രദ്ധേയരായ നിക്ഷേപകരായ ആക്‌സല്‍ (Accel), പ്രോസസ് (Prosus), സൗത്ത് പാര്‍ക്ക് കോമണ്‍സ് (South Park Commons) തുടങ്ങിയവരാണ് കമ്പനിയുടെ ആദ്യഘട്ട ഫണ്ടിംഗില്‍ പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ട്, സ്വിഗ്ഗി തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് തുടക്കത്തില്‍ പിന്തുണ നല്‍കിയ സ്ഥാപനമാണ് ആക്‌സല്‍.

അതുപോലെ, ലോകമെമ്പാടും വന്‍കിട സാങ്കേതികവിദ്യകളില്‍ കോടികള്‍ നിക്ഷേപിക്കുന്ന കമ്പനിയാണ് പ്രോസസ്. ഭാവിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള പുതിയ ആശയങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ സാമ്പത്തിക സഹായം നല്‍കുന്ന കൂട്ടായ്മയാണ് സൗത്ത് പാര്‍ക്ക് കോമണ്‍സ്. ഇത്തരം പ്രമുഖര്‍ പണം മുടക്കുന്നത് ഖ്വോസ്മിക്കിന്റെ ആശയത്തിന് ഭാവിയിലുള്ള വലിയ വിജയസാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ലഭിച്ച ഫണ്ട് ഉപയോഗിച്ച്‌ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിക്കാനും, സ്വന്തമായി ഗ്രൗണ്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റം ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group