കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയിലാണ് തൃശൂർ-കൊച്ചി മെട്രോ ആദ്യം ചർച്ചയാകുന്നത്.തൃശ്ശൂർ മുതല്‍ കൊച്ചി വരെ മെട്രോ റെയില്‍ സർവീസ് നടത്തുന്നത് സാമ്പത്തികമായും ഘടനാപരമായും അപ്രായോഗികമെന്നതാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് തുംകൂരു വരെ നിർമിക്കുന്ന മെട്രോ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നതോടെ തൃശ്ശൂര്‍ എംപിയുടെ സ്വപ്നത്തിനും നിറം പകരുന്നു. പദ്ധതി ഇപ്പോള്‍ ഡിപിആർ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ആർവീ കണ്‍സള്‍ട്ടന്റ്സാണ് ഡിപിആർ തയ്യാറാക്കുക. നമ്മ മെട്രോയുടെ ഗ്രീൻ ലൈനിന്റെ വടക്കേ ടെർമിനലില്‍ നിന്നായിരിക്കും തുംകൂരുവിലേക്കുള്ള മെട്രോ യാത്ര തുടങ്ങുക.കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രത്യേക താല്പര്യത്തില് ഈ പദ്ധതി പുരോഗമിക്കുന്നത്. താരതമ്യേന ചെറിയ നഗരമായ തുംകൂരുവുമായി ബെംഗളൂരുവിനെ ബന്ധിപ്പിക്കാൻ ശിവകുമാർ ശ്രമിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.
നഗരമേഖലയല്ലാത്ത റൂട്ടാണ് തുംകൂരുവിലേക്കുള്ളത്. അഥവാ ഒരു മെട്രോ ട്രെയിനിന് ആവശ്യമായ അളവില്‍ യാത്രക്കാരെ ഇവിടെ നിന്ന് ലഭിക്കില്ല. ഒരു സബർബൻ റെയില്‍ പദ്ധതിയിലൂടെ കണക്ട് ചെയ്യാവുന്ന ഈ 70 കിലോമീറ്ററോളം എന്തിനാണ് ചെലവേറിയ മെട്രോ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത് എന്നതാണ് ചോദ്യം. ഇതെല്ലാം കൊച്ചി മെട്രോയുടെ കാര്യത്തിലും ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങളാണ്.തുംകൂരു നഗരം മെട്രോ കണക്ടിവിറ്റി ലഭിക്കുന്നതോടെ വികസിക്കും എന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ പങ്കു വെക്കുന്നത്. റെയില്‍പ്പാത പോകുന്ന മേഖലയിലെല്ലാം റിയല്‍ എസ്റ്റേറ്റ് വ്യാപാരം ശക്തമാകും. അതുവഴി വ്യവസായങ്ങളും വ്യാപാരങ്ങളും മേഖലയിലേക്ക് എത്തും. കുറച്ച് വർഷം നഷ്ടത്തില്‍ ഓടിയാലും മേഖല വികസിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കും. തുംകൂരുവിന്റെ വികസനം താൻ ഉറപ്പാക്കും എന്നതാണ് ഡികെ ശിവകുമാറിന്റെ ഉറപ്പ്.1.2 കോടി രൂപ ചെലവിലാണ് ആർവി എൻജിനീയറിങ് കണ്‍സള്‍ട്ടന്റ്സ് ഡിപിആർ തയ്യാറാക്കി ബിഎംആർസിഎലിന് നല്‍കുക.
59.60 കിലോമീറ്റർ ആണ് മെട്രോയുടെ ദൈർഘ്യം. പദ്ധതിയില്‍ ആകെ 25 സ്റ്റേഷനുകളുണ്ടാകും. ബെംഗളൂരുവിലെ മാഡവാരയില് നിന്ന് യാത്ര തുടങ്ങുന്ന മെട്രോ തുംകൂരുവിലെ നാഗണ്ണനപാളയയില് അവസാനിക്കും. ദാസനപുര, നെലമംഗല, നെലമംഗല ടോള്‍ഗേറ്റ്, ടി. ബേഗൂർ, തിപ്പഗൊണ്ടനഹള്ളി, സോംപുര ഇൻഡസ്ട്രിയല്‍ ഏരിയ, ദൊബ്സ്പേട്ട്, ഹിരേഹള്ളി ഇൻഡസ്ട്രിയല്‍ ഏരിയ, ക്യാത്സന്ദ്ര, തുമകൂരു ബസ് സ്റ്റാൻഡ്, ടുഡാ ലേഔട്ട്, നാഗണ്ണനപാളയ എന്നിങ്ങനെയുള്ള സ്റ്റേഷനുകള്‍ പദ്ധതിയിലുണ്ടാകും എന്നാണ് അറിയുന്നത്.കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കാണ്. ഇവിടെ നിന്ന് തൃശ്ശൂരിലേക്ക് ബന്ധിപ്പിക്കണമെങ്കില്‍ 44 കിലോമീറ്റർ ദൈർഘ്യത്തില്‍ യാത്രക്കാരെ കണ്ടെത്തണം. തൃശ്ശൂർ നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും വികസനം ഉറപ്പാക്കണം. തൃശ്ശൂരില്‍ എയിംസ് പോലുള്ള വമ്പൻ പദ്ധതികള്‍ നടപ്പായാല്‍ മാത്രമേ ഇത്തരമൊരു പദ്ധതിക്ക് നിലവില്‍ സാധ്യതയുള്ളൂ. തൃശ്ശൂരിന്റെ വികസനം ഉറപ്പാക്കാൻ തൃശ്ശൂർ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്ക് സാധിക്കുകയാണെങ്കില്‍, ബെംഗളൂരു-തുംകൂരു മെട്രോ പോലെ അങ്കമാലി – തൃശ്ശൂർ മെട്രോയും സാധ്യമാകും.