Home കർണാടക ആള്‍ട്ടോ കാറില്‍ ഓവര്‍ടേക്ക് ചെയ്തു, എക്സ്പ്രസ്വേയില്‍ കാര്‍ യാത്രികരായ കുടുംബത്തെ തല്ലിച്ചതച്ച്‌ യുവാക്കളുടെ സംഘം

ആള്‍ട്ടോ കാറില്‍ ഓവര്‍ടേക്ക് ചെയ്തു, എക്സ്പ്രസ്വേയില്‍ കാര്‍ യാത്രികരായ കുടുംബത്തെ തല്ലിച്ചതച്ച്‌ യുവാക്കളുടെ സംഘം

ബെംഗളൂരു: ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി കാർ യാത്രികരെ തല്ലി ചതച്ച്‌ യുവാക്കളുടെ സംഘം. ബെംഗളൂരു മൈസൂരു എക്സ്പ്രസ്വേയില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് കുടുംബം യാത്ര ചെയ്ത കാർ യുവാക്കളുടെ സംഘം തടഞ്ഞു നിർത്തിയത്.മാരുതി ആള്‍ട്ടോ കാറിന് മുന്നില്‍ വാഹനം നിർത്തി ഒരു സംഘം യുവാക്കള്‍ ഓടിവരുന്നതും കാർ ഓടിച്ചിരുന്നയാളെ ഡോർ തുറന്ന് ആക്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്രൂരമായ മർദ്ദനത്തിനിരയായ ആള്‍ട്ടോ കാറിന് പിന്നിലുണ്ടായിരുന്ന കാറിലെ ഡാഷ് ക്യാമറയിലാണ് ആക്രമണം പതിഞ്ഞത്. ഭർത്താവ്, ഭാര്യ, കുട്ടികള്‍, വയോധിക എന്നിവർ സഞ്ചരിച്ച കാറാണ് യുവാക്കളുടെ സംഘം തടഞ്ഞത്. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്. ഓടിക്കൊണ്ടിരുന്ന ആള്‍ട്ടോ കാറിന് മുന്നില്‍ മറ്റൊരു വാഹനം നിർത്തിയതോടെയാണ് കാർ നടുറോഡില്‍ നിർത്തുന്നത്. പിന്നാലെ യുവാക്കളുടെ സംഘം പാഞ്ഞെത്തി ഡ്രൈവറുടെ ഡോർ വലിച്ച്‌ തുറന്ന് മർദ്ദനം ആരംഭിക്കുകയാണ്.

ആള്‍ട്ടോ കാർ ഓവർ ടേക്ക് ചെയ്തതാണ് യുവാക്കളെ പ്രകോപിതരാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഹാസൻ ആർടിഒയ്ക്ക് കീഴിലുള്ള വാഹനത്തിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്.ആക്രമണം രൂക്ഷമായതോടെ കുടുംബാംഗങ്ങള്‍ ഗൃഹനാഥനെ രക്ഷിക്കാൻ ശ്രമിക്കുന്നതും ഗതാഗതം തടസപ്പെട്ടതോടെ സമീപ കാറിലുണ്ടായിരുന്നവർ യുവാക്കളെ ശാന്തരാക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. എന്നാല്‍ ഡ്രൈവറെ വലിച്ച്‌ പുറത്ത് ഇട്ട ശേഷവും യുവാക്കള്‍ ആക്രമണം തുടരുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുക. ഞായറാഴ്ച രാത്രിയാണ് ക്രൂരമായ ആക്രമണം നടന്നത്. സംഭവത്തില്‍ ആരാണ് ആക്രമണത്തിനിരയായതെന്ന വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ബെംഗളൂരു മൈസൂരു എക്സ്പ്രസ്വേയിലെ മധൂർ മേഖലയില്‍ വച്ചായിരുന്നു സംഭവം.

You may also like

error: Content is protected !!
Join Our WhatsApp Group