ബെംഗളൂരു: ലാല്‍ബാഗ് പാർക്കിന്റെ അഞ്ചേക്കറിലധികം ഭൂമി ടണല്‍ റോഡ് പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ പ്രതിഷേധം.’ലാല്‍ബാഗ് വില്‍പ്പനയ്ക്ക്’ എന്ന ബാനറുകളുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ടണല്‍ റോഡ് പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലം ടണലിനു വേണ്ടി മാത്രമല്ല ഉപയോഗിക്കുക എന്ന് എംപി ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ ജീവശ്വാസമായ ഒരു ഹരിതമേഖലയെ ഇല്ലാതാക്കുന്നതായിത്തീരും ടണല്‍ റോഡ് പദ്ധതിയെന്ന് തേജസ്വ സൂര്യ ചൂണ്ടിക്കാട്ടി. നഗരത്തിന്റെ ഹരിത പൈതൃകത്തിന്മേലുള്ള കടന്നുകയറ്റമാണ് സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.വെറുമൊരു ഇൻഫ്രാസ്ട്രക്ചർ പദ്ധതിയല്ല ലാല്‍ബാഗിന്റെ സ്ഥലത്ത് നടപ്പിലാക്കുന്നതെന്ന് ടെൻഡർ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി തേജസ്വി സൂര്യ വാദിച്ചു.
വൻ റിയല്‍ എസ്റ്റേറ്റ്-വാണിജ്യ താല്‍പര്യങ്ങളാണ് പിന്നില്‍. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 5 ഏക്കർ ഭൂമിയില്‍ അഞ്ച് നിലകളുള്ള വാണിജ്യ സമുച്ചയം നിർമിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. ഇക്കാര്യം ടെൻഡർ രേഖകളിലും ഡിപിആറിലും വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിന്റെ ഭൂഗർഭജലത്തെ നിലനിർത്തുന്ന മേഖലയാണ് ലാല്‍ബാഗെന്ന് അദ്ദേഹം ജാഗ്രതപ്പെടുത്തി.അതെസമയം ഈ പദ്ധതിയെ ചോദ്യം ചെയ്യുന്ന പൊതുതാല്‍പര്യ ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ടെൻഡർ നടപടികളും ടണല്‍ റോഡുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ഈ ഹരജികളുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ലാല്‍ബാഗിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെയും മറ്റും ഹരജികളുണ്ട്. പാരിസ്ഥിതിക പഠനം നടത്താതെയാണ് സര്‍ക്കാർ ലാല്‍ബാഗില്‍ ഇടപെടുന്നതെന്ന് തേജസ്വി സൂര്യ പറയുന്നു. കേസ് അന്തിമ വാദത്തിനായി ആഗസ്റ്റ് 20-ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.
ബെംഗളൂരു ടണല്‍ റോഡ് പ്രൊജക്റ്റ് നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയാണ്. ഈ കോറിഡോറിന്റെ തെക്കുവടക്ക് കോറിഡോറിലാണ് ലാല്‍ബാഗ് മേഖല ഉള്‍പ്പെടുന്നത്. ഹെബ്ബാള്‍ മുതല്‍ സില്‍ക്ക് ബോർഡ് വരെയുള്ള 16.7 കിലോമീറ്റർ ദൂരത്തിലെ കന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ ടണല്‍ റോഡ് സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്. ലാല്‍ബാഗില്‍ എൻട്രി-എക്സിറ്റ് റാംപുകള്‍ നിർമിച്ചാല്‍ മാത്രമേ ഇതിന് കഴിയൂ. ഈ റാംപുകള്‍ക്ക് വേണ്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. ലാല്‍ബാഗ് ഭാഗത്ത് ഏകദേശം 700 മീറ്റർ നീളത്തില്‍ ഭൂമിക്കടിയിലൂടെ തുരങ്കം കടന്നുപോകുന്നുണ്ട്.എന്നാല്‍ റാംപുകള്‍ മാത്രമല്ല അവിടെ വലിയ ബില്‍ഡിങ്ങുകള്‍ പണിയാനും പദ്ധതിയുണ്ടെന്ന് തേജസ്വി സൂര്യ ആരോപിക്കുന്നു. ഡിപിആറിലും ടെൻഡറിലും ഇതിന്റെ വിശദാംശങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.