22 കിലോമീറ്റർ ദൈർഘ്യമുള്ള ഈസ്റ്റ്-വെസ്റ്റ് ടണല്‍ റോഡ് പദ്ധതിക്കായുള്ള ടെൻഡർ നടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ.ഫ്ലൈഓവറുകളോ ടണല്‍ റോഡുകളോ മാത്രം നിർമിച്ച് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകില്ലെന്നും മെട്രോ ശൃംഖലയും ടണല്‍ റോഡുകളും എലിവേറ്റഡ് കോറിഡോറുകളും മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനവും ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന സമഗ്ര സമീപനമാണ് നഗരത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ബി-സ്മൈല്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രികെ.ആർ. പുരത്തെയും നായണ്ടഹള്ളിയെയും ബന്ധിപ്പിക്കുന്നതാണ് 22 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി. നഗരത്തിലാകെ 150 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് കോറിഡോറുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതില്‍ ആദ്യഘട്ടമായി 75 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോറുകളുടെ നിർമാണത്തിനായുള്ള ടെൻഡറുകള്‍ ഉടൻ ക്ഷണിക്കും. ഓരോ പദ്ധതിയുടെയും ദൈർഘ്യം 2 കിലോമീറ്റർ മുതല്‍ 15 കിലോമീറ്റർ വരെ ആയിരിക്കും.10 കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള എലിവേറ്റഡ് കോറിഡോറുകളില്‍ ടോള്‍ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ നിലവിലുള്ള പ്രധാന റോഡുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.’ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന റോഡുകള്‍ അടച്ചുപൂട്ടുന്നില്ല. അവ ഉപയോഗിക്കുന്നത് അവരുടെ അവകാശമാണ്. എന്നാല്‍ കൂടുതല്‍ വേഗത്തില്‍ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എലിവേറ്റഡ് കോറിഡോറുകള്‍ ഉപയോഗിക്കാം. അതിനായി ടോള്‍ നല്‍കേണ്ടിവരും. ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ സംവിധാനം,’ മന്ത്രി പറഞ്ഞു.പദ്ധതികള്‍ക്ക് ആവശ്യമായ നിക്ഷേപം സ്വകാര്യ കമ്പനികള്‍ വഴി കണ്ടെത്തും.
പദ്ധതികളുടെ സാമ്പത്തിക പ്രായോഗികത ഉറപ്പാക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിങ് സർക്കാർ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ബെംഗളൂരുവില്‍ 1.2 കോടി വാഹനങ്ങളുണ്ടെന്നും വാഹനങ്ങളുടെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. “മെട്രോ എത്ര വ്യാപിപ്പിച്ചാലും റോഡുകളില്‍ വാഹനങ്ങള്‍ ഉണ്ടാകും. ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പ്രധാന റോഡുകളും ഉയർന്ന ഗതാഗത സാന്ദ്രതയുള്ള പാതകളും ഔട്ടർ റിങ് റോഡുകളും വികസിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ഓരോ മേഖലയിലുമുള്ള ഗതാഗത പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് അനുയോജ്യമായ പരിഹാരങ്ങളും നടപ്പാക്കണം,” അദ്ദേഹം പറഞ്ഞു.ഫ്ലൈഓവർ നിർമിച്ചാലോ ടണല്‍ റോഡ് നിർമിച്ചാലോ മാത്രം ഗതാഗതക്കുരുക്ക് ഇല്ലാതാകില്ലെന്നും അത് ഒരിടത്തെ തിരക്ക് മറ്റൊരിടത്തേക്ക് മാറ്റുന്ന സാഹചര്യം സൃഷ്ടിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ടണല്‍ റോഡുകള്‍ക്കും എലിവേറ്റഡ് കോറിഡോറുകള്‍ക്കും ഒപ്പം മെട്രോയും ബസ് സർവീസുകളും ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാൻ കഴിയുന്ന തരത്തില്‍ സ്റ്റേഷനുകളിലേക്കും ടെർമിനലുകളിലേക്കും പോകുന്ന റോഡുകളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്നങ്ങള്‍ മാത്രമല്ല, ഭാവിയില്‍ നഗരത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളും കണക്കിലെടുത്താണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടണല്‍ റോഡ്, എലിവേറ്റഡ് കോറിഡോർ പദ്ധതികള്‍ എന്നിവ വിദഗ്ധ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പരിഹാരങ്ങളാണെന്നും മന്ത്രി അവകാശപ്പെട്ടു.ഇതിനിടെ, ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിന്റെ (ഒആർആർ) പുനർവികസന പദ്ധതിയെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ യാതൊരു മടിയുമില്ലെങ്കിലും അതിന്റെ സമയക്രമം സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു.നിലവില്‍ മെട്രോ നിർമാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഒആർആർ പുനർവികസനവും ഒരേസമയം ആരംഭിച്ചാല്‍ വലിയ ഗതാഗതപ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ച് ഐടി കോറിഡോറുകളിലൂടെ ദിവസേന സഞ്ചരിക്കുന്ന വലിയ വാഹനപ്രവാഹം കണക്കിലെടുത്താണ് തീരുമാനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.