ബെംഗളൂരു: സബർബൻ റെയില്‍ പദ്ധതിയില്‍ നിർണായക സാങ്കേതിക മാറ്റത്തിന് ഒരുങ്ങി കെ-റൈഡ്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ടില്‍ നിർദ്ദേശിച്ചിരുന്ന കമ്മ്യൂണിക്കേഷൻ ബേസ്‌ഡ് ട്രെയിൻ കണ്‍ട്രോള്‍ (സിബിടിസി) സിഗ്നലിങ് സംവിധാനത്തിന് പകരം യൂറോപ്യൻ ട്രെയിൻ കണ്‍ട്രോള്‍ സിസ്‌റ്റം നടപ്പാക്കാനാണ് തീരുമാനം.148 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സബർബൻ റെയില്‍ ശൃംഖലയിലെ നാല് കോറിഡോറുകളിലും ഇടിസിഎസ് സംവിധാനം നടപ്പാക്കാനാണ് കെ-റൈഡിന്റെ നിർദ്ദേശം.’നാല് കോറിഡോറുകള്‍ക്കും ഇടിസിഎസ് സംവിധാനമാണ് ഞങ്ങള്‍ നിർദേശിച്ചിരിക്കുന്നത്. ഉയർന്ന വേഗതയിലുള്ള ട്രെയിൻ സർവീസുകള്‍ക്ക് ഇത് കൂടുതല്‍ അനുയോജ്യമാണ്. ദീർഘദൂര റൂട്ടുകളിലേക്കും നഗരപരിധിക്ക് പുറത്തേക്കും ശൃംഖല വികസിക്കുമ്പോള്‍ സിബിടിഎസ് അത്ര ഫലപ്രദമല്ല.
വിവിധ കോറിഡോറുകള്‍ തമ്മിലുള്ള പരസ്‌പര ബന്ധവും ഇടിസിഎസ് വഴി കൂടുതല്‍ കാര്യക്ഷമമാകും. ഈ സംവിധാനം ഉപയോഗിച്ച് മണിക്കൂറില്‍ 200 മുതല്‍ 250 കിലോമീറ്റർ വരെ വേഗതയിലുള്ള സർവീസുകള്‍ നടത്താൻ കഴിയും’ കെ-റൈഡ് എംഡിയെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ പറയുന്നു.നിലവിലെ ഡിപിആറില്‍ ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിലും വരാനിരിക്കുന്ന പിങ്ക്, ബ്ലൂ ലൈനുകളിലും ഉപയോഗിക്കുന്ന സിബിടിസി സംവിധാനമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ ഭാവിയില്‍ പ്രാദേശിക-നഗരാന്തര റെയില്‍ സർവീസുകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇടിസിഎസ് തിരഞ്ഞെടുക്കുന്നതെന്ന് കെ-റൈഡ് വ്യക്തമാക്കി.നഗരത്തിനുള്ളില്‍ ഓരോ ഒന്നോ രണ്ടോ കിലോമീറ്ററിലും സ്‌റ്റോപ്പുകളുള്ളതിനാല്‍ അതിവേഗ സർവീസുകള്‍ക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ നഗരപ്രാന്തങ്ങളിലേക്കും സമീപ ജില്ലകളിലേക്കും റെയില്‍ ശൃംഖല വികസിക്കുമ്പോള്‍ ഉയർന്ന വേഗതയിലുള്ള സർവീസുകള്‍ നടത്താൻ ഇടിസിഎസ് സഹായിക്കുമെന്നും, ഭാവി ആവശ്യങ്ങള്‍ മുൻകൂട്ടി കണ്ടുള്ള തീരുമാനമാണിതെന്നും കെ റൈഡ് എംഡി പറയുന്നു.
നിലവില്‍ ഡല്‍ഹി-ഗാസിയാബാദ്-മീരറ്റ് നമോ ഭാരത് റെയില്‍ കോറിഡോറിലെ 82 കിലോമീറ്റർ പാതയില്‍ ഇടിസിഎസ് ലെവല്‍-2 സംവിധാനം ഉപയോഗിക്കുന്നുണ്ട്. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്‌പീഡ് റെയില്‍ പദ്ധതിയിലും ഇതേ സാങ്കേതികവിദ്യ നിർദേശിച്ചിട്ടുണ്ട്. ട്രെയിനുകളും ട്രാക്കിലെ ഉപകരണങ്ങളും തമ്മില്‍ തുടർച്ചയായ ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് ഇത്ഇതിലൂടെ ട്രെയിൻ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി), ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (എടിഒ), ഓട്ടോമാറ്റിക് ട്രെയിൻ സൂപ്പർവിഷൻ (എടിഎസ്) എന്നീ സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നതിനാല്‍ സുരക്ഷ വർധിപ്പിക്കാനും ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കാനും വിവിധ കോറിഡോറുകള്‍ തമ്മില്‍ തടസമില്ലാതെ സർവീസ് നടത്താനും ഇത് സഹായിക്കും.
യാത്രക്കാർക്ക് ട്രെയിൻ മാറാതെ തന്നെ ഒന്നിലധികം കോറിഡോറുകളിലൂടെ യാത്ര ചെയ്യാൻ കഴിയുന്നതാണ് ഇടിസിഎസിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. കൂടുതല്‍ സർവീസുകള്‍ നടത്താൻ കഴിയുന്നതിനാല്‍ കാത്തിരിപ്പ് സമയവും കുറയുമെന്ന് അധികൃതർ വ്യക്തമാക്കി. ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയില്‍ നാല് പ്രധാന കോറിഡോറുകളാണ് ഉള്‍പ്പെടുന്നത്.അതേസമയം, ഭാവിയില്‍ സബർബൻ റെയില്‍ ശൃംഖല കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികളും കെ-റൈഡ് തയ്യാറാക്കിയിട്ടുണ്ട്. ദേവനഹള്ളി-ചിക്കബല്ലാപുര (18 കിലോമീറ്റർ), ചിക്കബനവര-കുനിഗല്‍ (50 കിലോമീറ്റർ), ചിക്കബനവര-ദൊബ്ബസ്പേട്ട് (36 കിലോമീറ്റർ), കെങ്കേരി-ഹെജ്ജാല (11 കിലോമീറ്റർ), ഹീലലിഗെ-അനേക്കല്‍ റോഡ് (11 കിലോമീറ്റർ), രാജനുകുണ്ടെ-ഒദേരഹള്ളി (20 കിലോമീറ്റർ) എന്നിവ ഉള്‍പ്പെടെ ഏകദേശം 146 കിലോമീറ്റർ അധിക പാതകള്‍ നിർദേശിച്ചെങ്കിലും ഇതിന് അനുമതി ലഭിച്ചിട്ടില്ല.