Home കർണാടക റോഡ്, വൈദ്യുതി, ട്രാഫിക്, ചൂട്.. ബെംഗളൂരു ആണോ ഹൈദരാബാദ് ആണോ മികച്ചത്? കുറിപ്പ് വൈറല്‍

റോഡ്, വൈദ്യുതി, ട്രാഫിക്, ചൂട്.. ബെംഗളൂരു ആണോ ഹൈദരാബാദ് ആണോ മികച്ചത്? കുറിപ്പ് വൈറല്‍

by ടാർസ്യുസ്

യുവാക്കള്‍ക്ക് പ്രിയപ്പെട്ട നഗരങ്ങളാണ് ബെംഗളൂരുവും ഹൈദരാബാദും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേർ ഇവിടങ്ങളില്‍ ജോലി ആവശ്യങ്ങള്‍ക്കും മറ്റും വന്ന് താമസമാക്കുക പതിവാണ്.ബെംഗളൂരുവിലെ ട്രാഫിക്, വീടിന്റെ ഉയർന്ന വാടക എന്നിവയെല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചർച്ചയാകാറുണ്ട്.അതിനിടെ അഞ്ച് മാസം മുൻപ് ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് താമസം മാറിയ ഒരു യുവാവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ഇരു നഗരങ്ങളെയും കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത് ശ്രദ്ധ നേടുകയാണ്. വൈദ്യുതി, റോഡുകള്‍, കാലാവസ്ഥ, ഭക്ഷണം, ട്രാഫിക്, ജനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയെല്ലാം താരതമ്യം ചെയ്താണ് യുവാവ് കുറിപ്പ് പങ്കുവെച്ചത്.

ഹൈദരാബാദില്‍ എത്തിയപ്പോഴാണ് വൈദ്യുതിയില്ലാതെ ജീവിതം എത്രമാത്രം ബുദ്ധിമുട്ടാണ് എന്ന് തനിക്ക് മനസ്സിലായതെന്ന് ഇയാള്‍ പറയുന്നു. വേനല്‍ക്കാലത്ത് ഇവിടെ ഇടയ്ക്കിടെയുണ്ടാകുന്ന കറണ്ട് കട്ട് കാരണം മുറിക്കുള്ളില്‍ ചൂടേറ്റ് മരിച്ചുപോകുമെന്ന് വരെ തനിക്ക് തോന്നിയതായി ഇയാള്‍ പറയുന്നു.റോഡുകളുടെ കാര്യത്തില്‍, ഹൈദരാബാദിലെ റോഡുകളില്‍ കുഴികള്‍ കുറവാണെങ്കിലും ശരിയായി മൂടാത്ത മാൻഹോളുകള്‍ വലിയ പ്രശ്നമാണെന്ന് യുവാവ് ചൂണ്ടിക്കാണിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ പകുതി മാത്രം മൂടിയ മാൻഹോളുകളില്‍ വീണ് ആശുപത്രിയിലാകാൻ സാധ്യതയുണ്ടെന്നാണ് ഇയാളുടെ പക്ഷം. ബെംഗളൂരുവില്‍ കുഴികള്‍ ഒരുപാടാണെങ്കിലും അത് ഒരാളെ ആശുപത്രിയില്‍ എത്തിക്കാൻ മാത്രമുള്ളതല്ലെന്നും ഇയാള്‍ തമാശ രൂപത്തില്‍ കുറിക്കുന്നു.

ഹൈദരാബാദിലെ കാലാവസ്ഥ ശീലമില്ലാത്തവർക്ക് ബുദ്ധിമുട്ടാണെന്ന് യുവാവ് പറയുന്നു. വേനല്‍ക്കാലത്ത് കടുത്ത ചൂടായതിനാല്‍ എസി ഇല്ലെങ്കില്‍ മുറികളില്‍ ഇരിക്കാൻ കഴിയില്ല. എന്നാല്‍ ബെംഗളൂരുവിലെ വേനല്‍ക്കാലം കൂടുതല്‍ ശാന്തവും മനോഹരവുമാണ്.എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഹൈദരാബാദാണ് താരം. ബെംഗളൂരുവിലെ ഭക്ഷണവുമായി ഇതിന് യാതൊരു താരതമ്യവുമില്ലെന്ന് ഇയാള്‍ പുകഴ്ത്തുന്നു. എങ്കിലും ഇവിടുത്തെ ഭക്ഷണം പൊതുവെ എരിവ് കൂടിയതാണെന്നും യുവാവ് പറയുന്നുണ്ട്.ഹൈദരാബാദിലെ ആളുകള്‍ വളരെ സൗഹാർദപരമായി പെരുമാറുന്നവരാണ്. ഇവിടെ ഭൂരിഭാഗം പേർക്കും ഹിന്ദി നന്നായി മനസ്സിലാകും. എന്നാല്‍ ബെംഗളൂരുവിനെ അപേക്ഷിച്ച്‌ ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നവർ കുറവാണ്. ട്രാഫിക് മാനേജ്‌മെന്റിന്റെ കാര്യത്തില്‍ ഹൈദരാബാദാണ് മെച്ചം.

എങ്കിലും തിരക്കുള്ള സമയങ്ങളില്‍ യാത്ര ചെയ്യാൻ ഒരുപാട് സമയമെടുക്കും. കൂടാതെ ബെംഗളൂരുവിനേക്കാള്‍ കൂടുതല്‍ ലക്ഷ്വറി കാറുകളും സൂപ്പർ കാറുകളും ഹൈദരാബാദില്‍ കാണാമെന്നും ഇവിടുത്തെ ആളുകള്‍ ഒരുപാട് പണം സമ്പാദിക്കുന്നുണ്ടെന്നും ഇയാള്‍ കുറിച്ചു.യുവാവിന്റെ ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി. ഒരാള്‍ കമന്റ് ചെയ്തത്, “താങ്കള്‍ ഏറ്റവും മോശം സമയത്താണ് ഹൈദരാബാദില്‍ വന്നത്. കഴിഞ്ഞ 30 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു, ഇതുപോലൊരു കടുത്ത വേനല്‍ക്കാലം മുൻപ് ഉണ്ടായിട്ടില്ല” എന്നാണ്. മറ്റൊരാള്‍ പറഞ്ഞത്, നഗരങ്ങളെ മൊത്തത്തില്‍ താരതമ്യം ചെയ്യുന്നതിനേക്കാള്‍ നമ്മള്‍ ജീവിക്കുന്ന പ്രദേശം ഏതാണെന്നതിനെ ആശ്രയിച്ചായിരിക്കും അനുഭവങ്ങള്‍ എന്നാണ്. ഹൈദരാബാദിലെ ആളുകള്‍ നല്ലവരാണെങ്കിലും ഇവിടെ ഒരല്പം ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നും ചിലർ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group