ബെംഗളൂരു: മഹാരാഷ്ട്രയിലും കർണാടകയിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി.ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍, മോശം ശുചിത്വം, ചീഞ്ഞ മാംസം, കാലാവധി കഴിഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍, സുരക്ഷിതമല്ലാത്ത ഭക്ഷണ സംഭരണം എന്നിവ പരിശോധനകളില്‍ കണ്ടെത്തി. പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ മുതല്‍ സാധാരണ റസ്റ്റോറന്റുകള്‍ വരെ നിയമലംഘനങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്.മഹാരാഷ്ട്രയില്‍ പുതുതായി നിയമിതനായ എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലാണ് കനത്ത പരിശോധന നടക്കുന്നത്.
മുംബൈയിലും നവി മുംബൈയിലുമായി നടത്തിയ പരിശോധനയില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയ 7 റസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കുകയും, 38 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. കൃത്യമായ ലൈസൻസോ അനുമതിപത്രങ്ങളോ ഇല്ലാതെ പ്രവർത്തിച്ച നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.ബെംഗളൂരുവില്‍ കർണാടക ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരം 30 പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
നഗരത്തിലെ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പൂപ്പല്‍ ബാധിച്ച ചിക്കൻ, ബീഫ്, താറാവ് ഇറച്ചി എന്നിവയുള്‍പ്പെടെ നൂറിലധികം കിലോഗ്രാം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പത്തുദിവസം മുൻപ് കാലാവധി കഴിഞ്ഞ പാല്‍, തൈര് പാക്കറ്റുകളും, പഴകിയ എണ്ണയും ഉപയോഗിക്കുന്നതായി കണ്ടെത്തി. വെജിറ്റേറിയൻ, നോണ്‍-വെജിറ്റേറിയൻ ഭക്ഷണങ്ങള്‍ ഒരേ സ്ഥലത്ത് അശ്രദ്ധമായി സൂക്ഷിച്ചതിനും, കൃത്യമായ ലേബലിംഗ് ഇല്ലാത്തതിനും ഹോട്ടലുകള്‍ക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.