ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന കർഷകർക്ക് ഏക്കറിന് 3 കോടിയിലധികം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ.കർഷകരുടെയും പ്രതിപക്ഷ കക്ഷികളുടെയും പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്തിയുടെ നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്.’ഭൂമി നല്കുന്ന കർഷകർക്ക് മികച്ച വില നല്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മുൻ സർക്കാർ ഏക്കറിന് വെറും 25 ലക്ഷം രൂപ മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞങ്ങളുടെ സർക്കാർ ഏക്കറിന് 3 കോടിയിലധികം രൂപ നല്കാൻ തീരുമാനിച്ചിട്ടുണ്ട്. പണം വേണ്ടാത്ത കർഷകർക്ക് വികസനത്തിന് ശേഷം സ്ഥലത്തിന്റെ 50 ശതമാനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഭൂമി നല്കാൻ താല്പര്യമില്ലാത്ത ആരെയും നിർബന്ധിക്കാൻ ഞങ്ങള്‍ തയ്യാറല്ല’ അദ്ദേഹം എക്സില്‍ കുറിച്ചു.’നിരവധി വർഷങ്ങളായി മുടങ്ങിക്കിടന്ന ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി ഞങ്ങള്‍ വീണ്ടും മുന്നോട്ടുകൊണ്ടുപോകുകയാണ്. ഈ എഐ സിറ്റിയില്‍ മികച്ച റോഡുകള്‍, മെട്രോ സൗകര്യം, സ്പോർർട്സ് ഗ്രൗണ്ട്, വീടുകള്‍, പാർക്കുകള്‍ എന്നിവ ഉണ്ടാകും. ഈ പദ്ധതി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയും കർഷകർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയും ബെംഗളൂരു സൗത്ത് ജില്ലയ്ക്ക് പുതിയ രൂപം നല്‍കുകയും ചെയ്യും’ ശിവകുമാർ കൂട്ടിച്ചേർത്തു.അതേസമയം, ജെഡിഎസും ബിജെപിയും നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചും ശിവകുമാർ തുറന്ന് സംസാരിച്ചു: ‘ജനാധിപത്യ സംവിധാനത്തില്‍ എല്ലാവർക്കും പ്രതിഷേധിക്കാനും പദയാത്ര നടത്താനും അവകാശമുണ്ട്. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം.
എവിടെ വേണമെങ്കിലും പരാതി നല്‍കാം. ഞങ്ങള്‍ ആരെയും നിർബന്ധിക്കുന്നില്ല. സമയമാകുമ്പോള്‍ അതിന് മറുപടി നല്‍കും’ എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.അതിനിടെ ജെഡിഎസ് പ്രതിഷേധം ശക്തമാക്കുകയാണ്. ടൗണ്‍ഷിപ്പ് പദ്ധതിക്കെതിരെ ബിജെപിയും ജെഡിഎസും സംയുക്തമായാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉന്നയിക്കാൻ ഇരുപാർട്ടികളില്‍ നിന്നും അഞ്ച് നേതാക്കള്‍ വീതം ഉള്‍പ്പെടുന്ന ഏകോപന സമിതി രൂപീകരിക്കും.പദ്ധതിക്കെതിരായ ജെഡിഎസ് പ്രതിഷേധം കഴിഞ്ഞ ദിവസവും തുടർന്നിരുന്നു. ബെംഗളൂരു-മൈസൂരു ഹൈവേയിലെ കനമിനികെ ഗ്രാമത്തിന് സമീപം പൊലീസ് പാർട്ടിയുടെ പദയാത്ര തടഞ്ഞു. ഇതിനെ തുടർന്ന് മൂന്ന് ദിവസത്തെ പദയാത്രയ്ക്ക് നേതൃത്വം നല്കിയ നിഖില്‍ കുമാരസ്വാമി രണ്ടാം ദിവസം തന്നെ യാത്ര അവസാനിപ്പിച്ചു.
ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കുന്ന ജെഡിഎസ് നേതാക്കളും കർഷകരും ചേർന്നാണ് പദയാത്ര നടത്തിയത്.പദ്ധതിക്കെതിരായ ജെഡിഎസിന്റെ വലിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു ഇത്. ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കെതിരെ ഡികെ ശിവകുമാർ സർക്കാരിനെതിരെ ജെഡിഎസ് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍, മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ കഴിഞ്ഞ മാസം മരിച്ചതിനെ തുടർന്ന് പ്രതിഷേധ പരിപാടികള്‍ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. ചെന്നമ്മയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച പദയാത്ര ഞായറാഴ്ച ബൈരമംഗലയില്‍ നിന്നാണ് പുനരാരംഭിച്ചത്.