ചെന്നൈ: ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തില്‍ മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ മകള്‍ കയല്‍വിഴിക്കെതിരെ കേസ് എടുത്ത് ചെന്നൈ പൊലീസ്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജരെയാണ് ഇവർ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കയല്‍വിഴിയുടെ ഉടമസ്ഥതയിലുള്ള കമേഴ്ഷ്യല്‍ കെട്ടിടത്തിലാണ് എസ്ബിഐ അടയാർ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കണമെന്ന് ബാങ്ക് മാനേജർ കയല്‍വിഴിയോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്.മറ്റൊരു വ്യക്തിക്കൊപ്പം ഓഫീസില്‍ ഇരുന്ന് ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയില്‍ തർക്കമുണ്ടാവുകയും, കയല്‍വിഴി പെട്ടെന്ന് എഴുന്നേറ്റ് മാനേജരുടെ കരണത്ത് അടിക്കുകയുമായിരുന്നു. ബാങ്ക് മാനേജർ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്കിലെ ചീഫ് മാനേജരാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച് നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരമാണ് ചെന്നൈ പൊലീസ് കയല്‍വിഴിക്കെതിരെ കേസെടുത്തിരിക്കുന്നത്.