കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷകള്‍ വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെ 2818 കേന്ദ്രങ്ങളില്‍ ആരംഭിച്ചു.കന്നട, തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ്, സംസ്കൃതം എന്നിവയുള്‍പ്പെടെ ഒന്നാം ഭാഷ പേപ്പർ ആദ്യ ദിവസം നടന്നു.കർണാടകയിലെ 15,881 ഹൈസ്കൂളുകളില്‍നിന്നായി 4,61,563 ആണ്‍കുട്ടികളും 4,34,884 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8,96,447 വിദ്യാർഥികള്‍ പരീക്ഷ എഴുതി. കോണ്‍ഗ്രസ് സർക്കാറിന്റെ ന്യൂനപക്ഷ സുരക്ഷയില്‍ മുസ്‌ലിം വിദ്യാർഥിനികള്‍ക്ക് ശിരോവസ്ത്ര വിലക്കില്ലാതെ പരീക്ഷ എഴുതാനായി.
ക്രമക്കേടുകള്‍ തടയുന്നതിനായി കെ.എസ്.ഇ.എ.ബി പരീക്ഷ പ്രക്രിയയുടെ വെബ്-സ്ട്രീമിങ് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), മറ്റു പൊതുഗതാഗത ഏജൻസികള്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങള്‍ വരെ വിദ്യാർഥികള്‍ക്ക് സൗജന്യ ബസ് സർവിസ് നല്‍കുന്നു.മല്ലേശ്വരത്തെ കർണാടക പബ്ലിക് സ്കൂള്‍ (കെ.പി.എസ്) പരീക്ഷാകേന്ദ്രം സന്ദർശിച്ച പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, വിദ്യാർഥികള്‍ക്ക് സ്വാഗതമോതി റോസാപ്പൂക്കള്‍ അർപ്പിച്ചു. പരീക്ഷ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഒരുക്കിയ ക്രമീകരണങ്ങളും അദ്ദേഹം പരിശോധിച്ചു.
കോവിഡ് മഹാമാരിയുടെ കാലത്തെപ്പോലെ വിദ്യാർഥികള്‍ക്ക് ഗ്രേസ് മാർക്ക് നല്‍കില്ലെന്ന് വ്യാഴാഴ്ച എസ്.എസ്.എല്‍.സി പരീക്ഷകളെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024ല്‍ ഗ്രേസ് മാർക്ക് നല്‍കാനുള്ള നീക്കത്തെ താൻ എതിർത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരീക്ഷ എഴുതുന്ന വിദ്യാർഥികള്‍ക്ക് സൗജന്യ ഗതാഗത സൗകര്യം നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
ഇവന്‍റ് മേഖലയിലെ പ്രമുഖൻ ഹരി നായര്‍ ഖത്തറില്‍ അന്തരിച്ചു
ഖത്തറും യു.എ.ഇയും ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ ഇവന്റ് ഓഡിയോ വിഷ്വല്‍ രംഗത്തെ പ്രമുഖൻ ഹരി നായർ ( 50) അന്തരിച്ചു.ഖത്തറില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. പാലക്കാട് കല്ലടി സ്വദേശിയാണ്.നേരത്തെ ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റർനാഷനലിലും ശേഷം ഖത്തറില്‍ ക്ലാർക്ക് എ.വി.എല്‍ മാനേജിങ് പാർട്ണറുമായി പ്രവർത്തിക്കുകയായിരുന്നു. ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ വിവിധ ഫാൻ ഷോകള്‍, എ.ആർ. റഹ്മാൻ, ബ്രയാൻ ആഡംസ് എന്നിവർ ഉള്‍പ്പെടെ വമ്ബൻ സംഗീത പരിപാടികള്‍ എന്നിവയിലൂടെ ഓഡിയോ വിഷ്വല്‍ പ്രൊഡക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായിരുന്നു.
ഫിഫ ലോകകപ്പ് ഫാൻ സോണ്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലും പങ്കാളിയായി. ഗള്‍ഫ് മാധ്യമം സംഘ ടിപിച്ച വിവിധ പരിപാടികലിലും ഭാഗമായി. അസുഖബാധിതനായി ഏതാനും ദിവസമായി ഹമദ് മെഡിക്കല്‍ കോർപ്പറേഷൻ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.