ബെംഗളൂരു: ബിജെപി കര്‍ണാടക നേതൃത്വത്തെ വെട്ടിലാക്കി യുവമോര്‍ച്ച യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ ഓഡിയോ ക്ലിപ്പ്.കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്ലെങ്കിലും എറിയാമായിരുന്നുവെന്നാണ് ബെംഗളൂരു സൗത്ത് എംപി കൂടിയായ തേജസ്വി സൂര്യ ഓഡിയോ ക്ലിപ്പില്‍ പറയുന്നത്.
നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ചിക്മംഗളൂരു യുവമോര്‍ച്ച പ്രസിഡന്റ് സന്ദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കുകയും ചെയ്തു.
സന്ദീപ് കുമാറുമായി സമായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെയാണ് ബെംഗളൂരു സൗത്ത് എംപിയുടെ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തായത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി. നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയില്‍ കൂട്ടരാജി തുടരുകയാണ്. ഭാരവാഹികളുടെ രാജി തലവേദനയായതോടെ അന്വേഷണം ദ്രുതഗതിയിലാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്കി കഴിഞ്ഞു.
ചിക്മംഗളൂരു യുവമോര്‍ച്ച പ്രസിഡന്റിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന് തേജ്വസി നേരിട്ടു വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്,.’താങ്കള്‍ പറയുന്ന കാര്യങ്ങള്‍ എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട്. താങ്കളെക്കാളും പത്തിരട്ടി ദേഷ്യം എന്റെയുള്ളിലുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ഭരണ കാലമായിരുന്നെങ്കില്‍ കല്ലെങ്കിലും എറിയാമായിരുന്നു.
ഇവിടെ ഭരിക്കുന്നത് നമ്മുടെ സര്‍ക്കാരാണ്. ഈ പ്രശ്നം വഷളാക്കാന്‍ നാം അനുവദിക്കരുത്. നമ്മുടെ പാര്‍ട്ടിക്കാരനെന്ന നിലയില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചുവേണം നടപടിയെടുക്കാന്‍. പ്രശ്നം വഷളാവാതെ എല്ലാം പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങണം.’ തേജസ്വിയുടെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നു.