ബെംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ (66) അന്തരിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.15നായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഡി. സുധാകർ ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. കർണാടക മന്ത്രിസഭയിൽ ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വകുപ്പുകളാണ് ഡി. സുധാകർ കൈകാര്യം ചെയ്തിരുന്നത്.2004 ൽ ചല്ലക്കരെയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം ആദ്യമായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിർത്തി നിർണ്ണയത്തെത്തുടർന്ന് ചല്ലക്കെരെ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തു.
ഇതേത്തുടർന്ന് അദ്ദേഹം ഹിരിയൂരിലേക്ക് മാറി. പക്ഷേ കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. 2008 ൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. ബി എസ് യെദ്യുരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം സാമൂഹികക്ഷേമ മന്ത്രിയുമായി. 2013 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹം വീണ്ടും ജയിച്ചു. 2018 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂർണിമ ശ്രീനിവാസിനോട് അദ്ദേഹം പരാജയപ്പെട്ടു. 2023-ൽ കോൺഗ്രസിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു മന്ത്രിയായി.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ ഡി.സുധാകറിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.