നാളെ ബെംഗളൂരുവില്‍ മെട്രോ സര്‍വീസുകള്‍ക്ക് തടസം നേരിടും എന്ന് ബി എം ആര് സി എല്‍ അറിയിച്ചു. പര്‍പ്പിള്‍ ലൈനിലെ സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗര്‍ മെട്രോ സ്റ്റേഷനുകള്‍ക്കിടയില്‍ നാളെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കി.അതിനാല്‍ ബയ്യപ്പനഹള്ളി – എംജി റോഡ് മെട്രോ സ്റ്റേഷനുകള്‍ക്കിടയിലുള്ള മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ 7 മുതല്‍ 9 വരെ രണ്ട് മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.അതേസമയം ചല്ലഘട്ട – എംജി റോഡ്, ബയ്യപ്പനഹള്ളി – വൈറ്റ്ഫീല്‍ഡ് (കടുഗോഡി), മടവാര – സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍വി റോഡ് – ബൊമ്മസാന്ദ്ര റൂട്ടുകളില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പതിവ് സമയക്രമമനുസരിച്ച് പ്രവര്‍ത്തിക്കും എന്നും ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് വ്യക്തമാക്കി.
ബയ്യപ്പനഹള്ളി – എംജി റോഡ് ഭാഗം ഉള്‍പ്പെടെ പര്‍പ്പിള്‍ ലൈനിലെ മുഴുവന്‍ സര്‍വീസുകളും രാവിലെ 9 മണി മുതല്‍ സാധാരണ നിലയില്‍ പുനരാരംഭിക്കും.സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന കാര്യം ശ്രദ്ധിക്കണമെന്നും അതിനനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും യാത്രക്കാരോട് ബി എം ആര് സി എല്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതിനിടെ പിങ്ക് ലൈന്‍ മെട്രോ ട്രെയിനുകളുടെ ഔദ്യോഗിക സുരക്ഷാ പരിശോധന ഓഗസ്റ്റ് 12 മുതല്‍ 14 വരെ നടക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.സതേണ്‍ സര്‍ക്കിള്‍ മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല കൂടി വഹിക്കുന്ന റെയില്‍വേ സേഫ്റ്റി ചീഫ് കമ്മീഷണര്‍ ജനക് കുമാര്‍ ഗാര്‍ഗ് ആയിരിക്കും പരിശോധന നടത്തുക. അടുത്ത ആഴ്ചയോടെ റെയില്‍വേ ബോര്‍ഡില്‍ നിന്നുള്ള സ്പീഡ് സര്‍ട്ടിഫിക്കറ്റും, ഒരു സ്വതന്ത്ര ഏജന്‍സിയില്‍ നിന്നുള്ള ഇന്റേണല്‍ സേഫ്റ്റി അസസ്മെന്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കുമെന്ന് ബിഎംആര്‍സിഎല്‍ പ്രതീക്ഷിക്കുന്നു.
പുതിയ മെട്രോ ട്രെയിനുകള്‍ സര്വീസിനിറക്കുന്നതിന് മുന്‍പ് സിഎംആര്‍എസിന്റെ പരിശോധനയും ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമാണ്. ബന്നാര്‍ഘട്ട റോഡിലൂടെ കലേന അഗ്രഹാരയെ തവാരെകെരെയുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈനിന്റെ 7.5 കിലോമീറ്റര്‍ വരുന്ന എലിവേറ്റഡ് പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുന്‍പുള്ള ട്രെയിന്‍ അനുമതികള്‍ക്കായി കാത്തിരിക്കുകയാണ്.ബിഇഎമ്മില്‍ നിന്ന് പിങ്ക് ലൈനിനായുള്ള എട്ട് ട്രെയിനുകള്‍ ബിഎംആര്‍സിഎല്ലിന് ഇതിനകം ലഭിച്ചുകഴിഞ്ഞു. അതേസമയം, വെള്ളിയാഴ്ച രാത്രി ഗ്രീന്‍ ലൈനിലെ അപ്ലൈന്‍ ട്രാക്കുകളില്‍, പുതിയ ‘ഡിസ്റ്റന്‍സ്-ടു-ഗോ’ ട്രെയിനുകള്‍ക്കായുള്ള സിഗ്നലിംഗ് പരിശോധനകള്‍ ഡെപ്യൂട്ടി സിഎംആര്‍എസ് നിതീഷ് കുമാര്‍ രഞ്ജനും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.