Home കർണാടക മന്ത്രിസഭാ വികസനത്തിൽ പൊട്ടിത്തെറി; സീനിയർ നേതാക്കളെ തഴഞ്ഞെന്ന് ആരോപണം, കർണാടകയിൽ എംഎൽഎമാരുടെ കൂട്ടരാജി

മന്ത്രിസഭാ വികസനത്തിൽ പൊട്ടിത്തെറി; സീനിയർ നേതാക്കളെ തഴഞ്ഞെന്ന് ആരോപണം, കർണാടകയിൽ എംഎൽഎമാരുടെ കൂട്ടരാജി

by ടാർസ്യുസ്

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനത്തെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ കടുത്ത അമര്‍ഷവും ഭിന്നതകളും പരസ്യപ്രതിഷേധത്തിലേക്കും എം.എല്‍.എമാരുടെ രാജിക്കാര്യത്തിലേക്കും വഴിമാറുന്നു.പുതുതായി 20 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി ഒരുവിഭാഗം നേതാക്കളും അവരുടെ അനുയായികളും രംഗത്തെത്തിയത്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്‍ഡി മണ്ഡലത്തിലെ എം.എല്‍.എ യശ്വന്ത്രായ ഗൗഡ പാട്ടീലും ഭദ്രാപതി/സാഗര്‍ മേഖലയിലെ എം.എല്‍.എ സംഗമേഷ്/ബെലൂര്‍ ഗോപാലകൃഷ്ണയും നിയമസഭാംഗത്വം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.

യശ്വന്ത്രായ ഗൗഡ പാട്ടീല്‍ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമാനിക്ക് നേരിട്ടെത്തി രാജി സമര്‍പ്പിച്ചു. ഇതിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്ന വിമര്‍ശനവും അതൃപ്തരായ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.പ്രിയ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ രോഷാകുലരായ അണികള്‍ വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബംഗളൂരുവിന് പുറമെ മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. വിജയനഗരിയില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ കടുത്ത ജനരോഷമുയരുകയും അനുയായികള്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മന്ത്രിമാരുടെ അന്തിമ പട്ടികയെച്ചൊല്ലിയുള്ള അനിശ്ചിതത്വം രൂക്ഷമായിരുന്നു.

മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ചും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ കടുത്ത ആശയക്കുഴപ്പം നിലനിന്നിരുന്നു. പ്രതിഷേധം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ നേതാക്കളെയും അനുയായികളെയും ശാന്തരാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീവ്രശ്രമമാണ് നടത്തുന്നത്.അതിനിടെ, ബെംഗളൂരുവിലെ ലോക് ഭവനില്‍ വെച്ച്‌ നടക്കാന്‍ നിശ്ചയിച്ച ചടങ്ങില്‍ 20 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടു മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. അതേസമയം മലയാളിയായ എല്‍.എ. ഹാരിസും മുന്‍ സര്‍ക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്ന ദിനേഷ് ഗുണ്ടുറാവുവും പുതിയ മന്ത്രിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നാല്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ സമീര്‍ അഹമ്മദ് ഖാന്‍ മന്ത്രിസ്ഥാനം നിലനിര്‍ത്തി. പുതിയ ഭാരവാഹികളായി ജി.എസ്. പാട്ടീല്‍ സ്പീക്കറായും പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേല്‍ക്കുമെന്നാണ് വിവരം.

കൂടാതെ സലീം അഹമ്മദ് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്പീക്കറായും ഉമാശ്രീ ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിക്കും.മന്ത്രിസഭയില്‍ 9 പുതുമുഖങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഒരു വനിത മാത്രമാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പി.എം. നരേന്ദ്ര സ്വാമി, ശിവരാജ് തങ്കടി, രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂര്‍ത്തി, സമീര്‍ അഹമ്മദ് ഖാന്‍, റിസ്വാന്‍ അര്‍ഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിംഗ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്‌.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, ബസവരാജ് രായറെഡ്ഡി, വിജയാനന്ദ കഷപന്നവര്‍, ലക്ഷ്മണ്‍ സാവഡി എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇവരില്‍ രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ടി. രഘുമൂര്‍ത്തി, റിസ്വാന്‍ അര്‍ഷാദ്, അജയ് സിംഗ്, ശിവലിംഗെ ഗൗഡ, എച്ച്‌.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, വിജയാനന്ദ കഷപന്നവര്‍ എന്നിവരാണ് പുതുമുഖങ്ങളായി മന്ത്രിസഭയിലെത്തുന്നത്. മന്ത്രിസഭാ വികസനം പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നത പരിഹരിക്കുക എന്ന വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group