ബെംഗളൂരു: ദാസറഹള്ളി നിയമസഭാമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഗംഗാധരയ്യയുടെ പ്രചാരണത്തിന്റെ ഭാഗമായി കർണാടക മലയാളി കോൺഗ്രസ് കുടുംബസംഗമം നടത്തി. രാധാ ധനഞ്ജയ് ഉദ്ഘാടനംചെയ്തു. ജിബി. കെ.ആർ. നായർ അധ്യക്ഷത വഹിച്ചു.വീടുകൾ കയറിയുള്ള പ്രചാരണപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.
കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ഡാനി ജോൺ, നന്ദകുമാർ കൂടത്തിൽ, ടോമി ജോർജ്, ഷാജു, ഷാജി പി. ജോർജ്, ലിജോ, സുമ അനിൽ, ആനി സണ്ണി, ലിനി, ഷേർലി തോമസ്, രമണി, സുശീല, ജ്യോതി, ബിന്ദു ഹരി, ഷൈനി എന്നിവർ സംസാരിച്ചു.
ബിഎംടിസിയിൽ ഉപയോഗശൂന്യമായി എൻസിഎംസി കാർഡ്
ബെംഗളൂരു∙ നമ്മ മെട്രോയിൽ നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) പുറത്തിറക്കി ഒരാഴ്ച പിന്നിട്ടിട്ടും ബിഎംടിസി ബസുകളിൽ ഉപയോഗിക്കാൻ കഴിയാത്തത് വിൽപനയെ ബാധിക്കുന്നു. കഴിഞ്ഞ ദിവസം വരെ 1434 എൻസിഎംസി കാർഡുകളാണ് വിറ്റഴിഞ്ഞത്. പ്രതിദിനം 50–100 പേർ വരെയാണ് എൻസിഎംസി കാർഡുകൾ ഉപയോഗിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നത്. ബിഎംടിസി ബസുകളിൽ കൂടി ഈ കാർഡ്് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിച്ചാൽ മാത്രമേ കൂടുതൽ പേർ കാർഡ് വാങ്ങുകയുള്ളൂ.
ബിഎംടിസി ബസുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളുമായി (ഇടിഎം) എൻസിഎംസി കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് അധികൃതർ പറയുന്നത്. ഡിജിറ്റൽ പണമിടപാട്, ഓട്ടമാറ്റിക് ഫെയർ കലക്ഷൻ എന്നിവ കൂടി സജ്ജീകരിക്കണം. മെട്രോ പ്രതിദിന യാത്രക്കാരിൽ 60 ശതമാനം സ്മാർട് കാർഡിനെയും 39 ശതമാനം പേർ ടോക്കൺ ടിക്കറ്റിനെയുമാണ് ആശ്രയിക്കുന്നത്.
നിലവിൽ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ഫീഡർ ബസുകളിൽ ടിക്കറ്റിന് പുറമേ പ്രതിദിന, പ്രതിമാസ പാസ് കൂടി സ്വീകരിക്കും. ആർബിഎൽ ബാങ്കുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന് 50 രൂപയാണ് വിലയെങ്കിലും നിലവിലെ മെട്രോ സ്മാർട്ട് കാർഡ് നൽകിയാൽ സൗജന്യമായി തന്നെ എൻസിഎംസി കാർഡുകൾ ലഭിക്കും. കാർഡുകൾ ലഭിക്കാൻ വെബ്സൈറ്റ്:nammametro.ongo.co.in