ബെംഗളൂരു: ആരാധകര്‍ക്ക് നിരാശ; ചിന്നസാമിയില്‍ നിന്ന് ഐപിഎല്‍ ഫൈനലിന്റെ വേദി മാറ്റി.ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തില്‍ നിന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് വേദി മാറ്റിയതായി ബിസിസിഐ ഔദ്ദ്യേഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മേയ് 31നാണ് ഫൈനല്‍. ധരംശാലയില്‍ വച്ച് മേയ് 26ന് ഐപിഎല്‍ ക്വാളിഫയര്‍ 1ഉം ന്യൂ ചണ്ഡീഗഡില്‍ മേയ് 27ന് എലിമിനേറ്ററും മേയ് 29ന് ക്വാളിഫയര്‍ 2ഉം നടക്കും.ഫൈനല്‍ മത്സരം നടത്താന്‍ ആദ്യം ചിന്നസാമി സ്റ്റേഡിയമാണ് ബിസിസിഐ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബിസിസിഐയുടെ പ്രോട്ടോക്കോളുടെ പരിധിക്കപ്പുറമുള്ള ചില പ്രാദേശിക അസോസിയേഷന്റെയും അധികാരികളുടെയും ചില ആവശ്യങ്ങള്‍ മൂലം വേദി മാറ്റുകയായിരുന്നു.
ബെംഗളൂരുവിലെ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂലമാണ് വേദി മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത്തവണത്തെ ഐപിഎല്‍ സീസണ് ആരംഭിക്കുന്നതിന് മുന്‍പ് ഓരോ എംഎല്‍എയ്ക്കും കുറഞ്ഞത് 5 ഐപിഎല്‍ ടിക്കറ്റ് വീതം നല്‍കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദ് കശപ്പണവര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എമാര്‍ വിഐപികളാണെന്നും വരിയില്‍ കാത്തുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടക ഉപമുഖയമന്ത്രി ഡി.കെ. ശിവകുമാര്‍ 3 ടിക്കറ്റുകള്‍ വീതം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നല്‍കുമെന്ന് പറഞ്ഞിരുന്നു.