ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഈടാക്കുന്ന അമിത ചാര്‍ജിനെതിരെയും യാത്രാദുരിതത്തിനെതിരെയും പ്രതിഷേധവുമായി യുവതി രംഗത്ത്.കണ്ടന്റ് ക്രിയേറ്ററായ സന്യ സിങ്ങാണ് തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന ദുരനുഭവം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. വെറും 15 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍1200 രൂപ വാങ്ങിയെന്നാണ് സന്യ വെളിപ്പെടുത്തിയത്. മഴക്കാലമായതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതാണെന്നായിരുന്നു ഡ്രൈവര്‍മാരുടെ ന്യായീകരണം.ബെംഗളൂരു നഗരത്തില്‍ നിന്ന് ഇത്തരമൊരു അനുഭവം താന്‍ പ്രതീക്ഷിച്ചില്ലെന്ന് സന്യ വീഡിയോയില്‍ പറയുന്നു. 1200 രൂപയ്ക്ക് ഒരാള്‍ക്ക് രണ്ടുതവണ വീട്ടുപകരണങ്ങള്‍ വാങ്ങാമെന്നും അത്രയും വലിയ തുകയാണ് ഒരു ചെറിയ യാത്രയ്ക്കായി ഈടാക്കിയതെന്നും യുവതി ചൂണ്ടിക്കാട്ടി. നഗരത്തിലെ മഴയോടുള്ള തന്റെ ഇഷ്ടം കുറയാന്‍ കാരണം ഇത്തരം ചൂഷണങ്ങളാണെന്നും, ഒരു കോളേജ് അഡ്മിഷന്‍ നേടുന്നതിനേക്കാള്‍ പ്രയാസമാണ് ഇവിടെ ഒരു റൈഡ് ബുക്ക് ചെയ്യാനെന്നും സന്യ പരിഹസിച്ചു.
യാത്രയ്ക്കിടെ പകുതി വഴിയില്‍ ഡ്രൈവര്‍മാര്‍ ഇറക്കിവിടാതിരിക്കാന്‍ വേണ്ടിയാണ് സുഹൃത്ത് ഈ ഭീമമായ തുക നല്‍കാന്‍ തയ്യാറായതെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. വെറും 15 കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറോളമാണ് സുഹൃത്തിന് എടുക്കേണ്ടി വന്നത്. കരിയറില്‍ പുരോഗതി ഉണ്ടാകുന്നുണ്ടോ എന്ന് അറിയില്ലെങ്കിലും നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുന്നുണ്ടെന്ന് യുവതി കുറ്റപ്പെടുത്തി.സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തി. മഴക്കാലത്ത് ബെംഗളൂരുവില്‍ യാത്ര ചെയ്യുന്നത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണെന്നും പലരും അഭിപ്രായപ്പെട്ടു. തിരക്കുള്ള സമയങ്ങളില്‍ ഓട്ടോകളോ ടാക്‌സികളോ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സാധാരണക്കാര്‍ ഇത്തരത്തില്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് ഉപയോക്താക്കള്‍ പ്രതികരിച്ചു.