Home തിരഞ്ഞെടുത്ത വാർത്തകൾ പതിനേഴ്‌ വയസുകാരന്റെ പിതാവായ ജഡ്‌ജിക്കെതിരേ കേസെടുത്തു

പതിനേഴ്‌ വയസുകാരന്റെ പിതാവായ ജഡ്‌ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച്‌ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്‌ണന്‍ (55) മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ, മോട്ടോര്‍ ആക്‌സിഡന്റ്‌ ക്ലെയിംസ്‌ ട്രിബ്യൂണലിന്റെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ ജഡ്‌ജിക്കെതിരേ പോലീസ്‌ കേസെടുത്തു.പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഉടമയ്‌ക്കെതിരേ കേസെടുക്കാന്‍ മോട്ടോര്‍ വാഹന നിയമത്തിലെ 199 എ(2) വകുപ്പ്‌ വ്യവസ്‌ഥ ചെയ്യുന്നുണ്ട്‌. മൂന്ന്‌ വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്‌.

മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബം കടുത്ത പ്രതിഷേധത്തിലാണ്‌. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌.പ്രതിയായ പതിനേഴുകാരനെ ജുവനൈല്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ ജാമ്യത്തില്‍ വിട്ടിരുന്നു. അപകടസമയത്തു പ്രതി മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തിലാണ്‌ വാഹനമോടിച്ചിരുന്നതെന്ന്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ കാളിരാജ്‌ മഹേഷ്‌ വ്യക്‌തമാക്കി. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന്‌ ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തില്‍ അമിതവേഗത്തിനും കുറ്റകരമായ നരഹത്യയ്‌ക്കുമുള്ള വകുപ്പുകള്‍ കേസില്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം ലഭിച്ച മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതെന്നും അന്വേഷണത്തില്‍ പോലീസിന്‌ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും കമ്മിഷണര്‍ വിശദീകരിച്ചു.

കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനും പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ജില്ലാക്കോടതിയെ സമീപിക്കാനും പോലീസ്‌ തീരുമാനിച്ചു. തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ്‌ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തതെന്നും തുടര്‍ന്ന്‌ പ്രതിയെ ജുവനൈല്‍ ജസ്‌റ്റിസ്‌ ബോര്‍ഡിന്‌ മുന്നില്‍ ഹാജരാക്കിയെന്നും കമ്മിഷണര്‍ അറിയിച്ചു. അപകടത്തിന്റെ ഗൗരവവും തുടര്‍നടപടികളും കണക്കിലെടുത്ത്‌ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group