ഡല്‍ഹി: ആഡംബര പാര്‍പ്പിട മേഖലയായ സൗത്ത് ഡല്‍ഹിയിലെ മൗണ്ട് കൈലാഷില്‍, തനിക്ക് ‘മോശം ഊര്‍ജ്ജവും’ നെഗറ്റീവ് ചിന്തകളും നല്‍കുന്നുവെന്ന് ആരോപിച്ച് വീട്ടുവേലക്കാരിയെ ഡോക്ടര്‍ ക്രൂരമായി അടിച്ചുകൊന്നു.പ്രമുഖ ഡെര്‍മറ്റോളജിസ്റ്റായ ഡോ. മനീഷ് ഗുപ്തയാണ് (50) തന്റെ വീട്ടില്‍ പത്ത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന മീന ഹല്‍ദാര്‍ (45) എന്ന സ്ത്രീയെ ഫ്ലാറ്റിന്റെ ടെറസില്‍ വെച്ച് ക്രിക്കറ്റ് ബാറ്റും കത്തിയുമുപയോഗിച്ച് അക്രമിച്ചു കൊലപ്പെടുത്തിയത്.കൃത്യം നടന്ന സമയത്ത് ഡോക്ടറുടെ കൗമാരക്കാരനായ മകന് ഫ്ലാറ്റിലുണ്ടായിരുന്നു. ഭാര്യ ജോലിക്ക് പോയതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം.
രാവിലെ വീട്ടുവേലക്കാരിയായ മീന തുണികള്‍ കഴുകിയ ശേഷം അവ ഉണക്കാനായി അവര്‍ കോമണ്‍ ടെറസിലേക്ക് പോയി. ഡോക്ടര്‍ മീനയെ പിന്തുടര്ന്ന് ടെറസിലെത്തി. മീനയെ ജോലിയില്‍ നിന്ന് മാറ്റാന്‍ ഡോക്ടര്‍ക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും കുടുംബം സമ്മതിച്ചിരുന്നില്ല. മീന കാരണം വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാകുന്നുവെന്നും അത് മകന്റെ പഠനത്തെ ബാധിക്കുന്നുവെന്നും ഡോക്ടര്‍ വിശ്വസിച്ചിരുന്നു.രാവിലെ 11:30 ഓടെ ഡോക്ടര്‍ മീനയുടെ തലയ്ക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി. തുടര്‍ന്ന് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ശരീരത്തില്‍ പലതവണ കുത്തി മരണം ഉറപ്പാക്കി. ശേഷം രക്തം പുരണ്ട ആയുധങ്ങള്‍ കോണിപ്പടിക്ക് സമീപം ഉപേക്ഷിച്ചു.സമീപത്തെ കെട്ടിടത്തിലെ താമസക്കാരനാണ് ടെറസില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മീനയുടെ മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിക്കുന്നത്.മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്ന ഡോക്ടറെ അറസ്റ്റ് ചെയ്തു.
‘എന്റെ അമ്മ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. അവര്‍ ഒരിക്കലും അവധിയെടുക്കാറില്ലായിരുന്നു, കൃത്യസമയത്ത് ജോലിക്ക് എത്തുമായിരുന്നു. ഗുപ്ത കുടുംബത്തെ അമ്മ എപ്പോഴും പുകഴ്ത്തി മാത്രമേ സംസാരിച്ചിട്ടുള്ളൂ. പത്തും പന്ത്രണ്ടും വര്‍ഷം ജോലി ചെയ്ത അവരോട് എന്തിനാണ് ഈ ക്രൂരത കാട്ടിയത്? എനിക്ക് മറുപടി വേണം.’മീനയുടെ മകന് റോബിന് ഹല്‍ദാര്‍ പറഞ്ഞു.ഡോക്ടര്‍ മുന്‍പ് ശാന്തനായ വ്യക്തിയായിരുന്നുവെന്നും ക്ഷേത്രങ്ങളിലും മൃഗസംരക്ഷണ കേന്ദ്രങ്ങളിലും വലിയ തുക സംഭാവന നല്കാറുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.പ്രതിയുടെ മാനസിക നിലയുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹേമന്ത് തിവാരി അറിയിച്ചു. മൂന്ന് മാസത്തിനിടെ സൗത്ത് ഡല്‍ഹി മേഖലയെ നടുക്കുന്ന രണ്ടാമത്തെ വലിയ കൊലപാതകമാണിത്.