Home കർണാടക ഗർഭിണിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; ഹൗസ് കീപ്പിങ് ജീവനക്കാരൻ അറസ്റ്റിൽ

ഗർഭിണിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; ഹൗസ് കീപ്പിങ് ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: സർജാപുർ റോഡിലെ മെഡിക്കല്‍ സ്ഥാപനമായ അപ്പോളോ (ബെല്ലെനസ് ചാമ്പ്യൻസ്) ആശുപത്രിയിലെ ശുചിമുറിയില്‍ വെച്ച്‌ 36-കാരിയായ ഗർഭിണിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്താൻ ശ്രമിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം.സംഭവത്തില്‍ ആശുപത്രിയിലെ ഹൗസ് കീപ്പിങ് ജീവനക്കാരനായ കൃഷ്ണ റാം പാംഗിങ്ങിനും ആശുപത്രി മാനേജ്‌മെന്റിനുമെതിരെ വർത്തുർ പോലീസ് കേസെടുത്തു. മേയ് 21-നായിരുന്നു നഗരത്തിലെ വൻകിട ആശുപത്രികളിലെ രോഗികളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകള്‍ വർദ്ധിപ്പിക്കുന്ന ഈ സംഭവം നടന്നത്.പോലീസ് എഫ്‌ഐആർ പ്രകാരം, ഉച്ചയ്ക്ക് 12:30-നും വൈകിട്ട് 4:15-നും ഇടയിലാണ് പരാതിക്കാരിയായ യുവതി ആശുപത്രി സന്ദർശിച്ചത്.

ആശുപത്രിയിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍, ഒരു പുരുഷ ജീവനക്കാരൻ സംശയാസ്പദമായ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ തന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്താൻ ശ്രമിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. യുവതി ചോദ്യം ചെയ്തതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവം നടന്നയുടൻ യുവതി ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആശുപത്രി ജീവനക്കാർ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഏതാണ്ട് 15 മിനിറ്റോളം കഴിഞ്ഞാണ് ഇയാളുടെ ഫോണ്‍ ഹാജരാക്കാൻ അവർ തയ്യാറായതെന്നും യുവതി പരാതിയില്‍ പറയുന്നു. തുടർന്ന് യുവതി തന്നെ ഫോണ്‍ പരിശോധിച്ചപ്പോള്‍, മറ്റ് നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ലോക്ക് ചെയ്തിരുന്ന ഫോള്‍ഡറുകളില്‍ കണ്ടെത്തുകയായിരുന്നു.

യുവതിയുടെ പരാതിയെത്തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 77, 79, 62 എന്നിവയും ഐടി ആക്ടിലെ സെക്ഷൻ 66E പ്രകാരവും വർത്തുർ പോലീസ് ജീവനക്കാരനും ആശുപത്രി മാനേജ്‌മെന്റിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ കൃഷ്ണ റാമിനും ആശുപത്രി അധികൃതർക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിന് ഹാജരായതായും വൈറ്റ്ഫീല്‍ഡ് ഡിസിപി സ്ഥിരീകരിച്ചു.പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ ദൃശ്യങ്ങളൊന്നും ഫോണില്‍ നിന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും പോലീസ് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനും ഫോണിലെ ഒളിഞ്ഞിരിക്കുന്ന മറ്റ് ഡാറ്റകള്‍ വീണ്ടെടുക്കാനുമായി മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group