ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.രാഷ്ട്രീയം പൂര്‍ണമായും അഴിമതിമയമായി മാറിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വരുണ മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.’മുമ്പ് മത്സരിച്ചപ്പോള്‍ ജനങ്ങള്‍ പണം നല്‍കിയാണ് ഞങ്ങളെ വിജയിപ്പിച്ചത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പണം നല്‍കിയാല്‍ മാത്രം വോട്ട് ലഭിക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയം തരംതാണു. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ല” എന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. 79 വയസാണ് തനിക്കിപ്പോള്‍.ഈ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോള്‍ 81-82 വയസാകും.
പഴയതുപോലെ ആവേശത്തോടെ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യസ്ഥിതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 2028-ഓടെ രാഷ്ട്രീയ ജീവിതത്തിന് 50 വര്‍ഷം തികയുകയാണ്. 1978-ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് തുടക്കം. വിജയങ്ങളും പരാജയങ്ങളും കണ്ട ജീവിതത്തില്‍ മനഃസാക്ഷിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന സംതൃപ്തിയുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.അഞ്ചു പതിറ്റാണ്ടായി ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി അറിയിച്ച അദ്ദേഹം, ശേഷിക്കുന്ന കാലം ജനസേവനത്തിനായി സമര്‍പ്പിക്കുമെന്നും ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും കൂടെയുണ്ടാകുമെന്നും ഉറപ്പുനല്‍കി.