ബെംഗളൂരു: ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) നാല ക്രോസിന് സമീപം പഴയ കല്ല് കലുങ്ക് പൊളിച്ച് പുതിയ ആര്‍സിസി കലുങ്ക് നിര്‍മ്മിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ 60 ദിവസത്തേക്ക് കാമരാജ് റോഡ് അടച്ചിടും.ഇതിന്റെ ഭാഗമായി വിഠോബ ക്ഷേത്രത്തിനും നാല റോഡിനും ഇടയിലുള്ള ഭാഗത്ത് വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു.കാമരാജ് റോഡില്‍ അധികൃതര്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ തിരക്കേറിയ ശിവാജിനഗര്‍ പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് വലിയ ഗതാഗത തടസങ്ങള്‍ നേരിടേണ്ടിവരും. പഴയ കലുങ്ക് പൊളിച്ചുമാറ്റുന്നതിനും പുതിയ ആര്‍സിസി കലുങ്ക് നിര്‍മ്മിക്കുന്നതിനും സൗകര്യമൊരുക്കുന്നതിനായി 60 ദിവസത്തേക്ക് എല്ലാത്തരം വാഹന ഗതാഗതവും നിരോധിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വിഠോബ ക്ഷേത്രത്തില്‍ നിന്ന് നാല റോഡ് വരെ ഗതാഗതം താല്‍ക്കാലികമായി നിയന്ത്രിക്കും. കെആര്‍ റോഡ്, കബ്ബണ്‍ റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കാമരാജ് റോഡ് വഴി ഡിക്കന്‍സണ്‍ ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളും ഈ കാലയളവില്‍ അനുവദിക്കില്ല. യാത്രക്കാര്‍ ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാനും ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.കെആര്‍ റോഡ്കബ്ബണ്‍ റോഡ് ജംഗ്ഷനില്‍ നിന്ന് കാമരാജ് റോഡ് വഴി ഡിക്കന്‍സണ്‍ ജംഗ്ഷനിലേക്കുള്ള ഗതാഗതവും നിയന്ത്രിക്കും. പുലകേശിനഗര്‍, ബനസ്വാഡി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കൊമേഴ്സ്യല്‍ സ്ട്രീറ്റില്‍ നിന്നുള്ള വാഹനങ്ങള്‍ വിഠോബ ക്ഷേത്രത്തിന് സമീപം വലത്തേക്ക് തിരിഞ്ഞ്, വീരപിള്ള സ്ട്രീറ്റ് വഴി മുന്നോട്ട്, നാഗമ്മ ക്ഷേത്രത്തിന് സമീപം ഇടത്തേക്ക് തിരിഞ്ഞ്, സെന്റ് ജോണ്‍സ് റോഡിലൂടെ യാത്ര തുടരണം.കബ്ബണ്‍ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കെ.ആര്‍. റോഡ്കബ്ബണ്‍ റോഡ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കബ്ബണ്‍ റോഡ്, ഡിക്കന്‍സണ്‍ റോഡ് വഴി മുന്നോട്ട് പോയി ബ്ലൂ സ്റ്റോണ്‍ വഴി സെന്റ് ജോണ്‍സ് റോഡില്‍ ചേരണം.
ഡിസ്‌പെന്‍സറി റോഡില്‍ (ആലിസ് ജംഗ്ഷന്‍) നിന്നുള്ള വാഹനങ്ങള്‍ ഡിക്കന്‍സണ്‍ റോഡിലൂടെ സെന്റ് ജോണ്‍സ് റോഡ് വഴി യാത്ര തുടരണം എന്നാണ് നിര്‍ദേശം.ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, എംജി റോഡിനും കബ്ബണ്‍ റോഡിനും ഇടയിലുള്ള കാമരാജ് റോഡ് ഭാഗം ഇക്കഴിഞ്ഞ ജനുവരിയില്‍ ആണ് പൂര്‍ണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്. വരാനിരിക്കുന്ന പിങ്ക് ലൈനില്‍ എംജി റോഡ് ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി ഈ ഭാഗം അടച്ചിരുന്നു. കാവേരി എംപോറിയം ഭാഗത്തുനിന്ന് കബ്ബണ്‍ റോഡിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന റോഡിന്റെ ഒരു വശം 2024 ജൂണില്‍ ആണ് തുറന്നത്.ഭൂഗര്‍ഭ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി, റോഡിന്റെ ഇരുവശത്തുനിന്നും 80-ലധികം മരങ്ങള്‍ നീക്കം ചെയ്തിരുന്നു. സ്‌കൂള്‍ തുറക്കാനിരിക്കുന്നതിനാല്‍ ഈ റോഡ് രണ്ട് മാസത്തേക്ക് അടച്ചിടുന്നത് രൂക്ഷമായ ഗതാഗത കുരുക്ക് സൃഷ്ടിക്കും. പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ബ്രിഗേഡ് റോഡിനും കൊമേഴ്സ്യല്‍ സ്ട്രീറ്റിനും ചുറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനും കാമരാജ് റോഡ് വലിയ പങ്ക് വഹിക്കുന്നുണ്ട്.