Home കർണാടക ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയും; ആല്‍പൈൻ ഇക്കോ റോഡില്‍ റെയില്‍വേ അണ്ടര്‍പാസ് വന്നേക്കും

ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയും; ആല്‍പൈൻ ഇക്കോ റോഡില്‍ റെയില്‍വേ അണ്ടര്‍പാസ് വന്നേക്കും

by ടാർസ്യുസ്

ബെംഗളൂരു: യാത്രക്കാർക്ക് ആശ്വാസമേകുന്ന അറിയിപ്പുമായി ബെംഗളൂരു ഈസ്‌റ്റ്‌ സിറ്റി കോർപ്പറേഷൻ. നഗരത്തിലെ ആല്‍പൈൻ ഇക്കോ റോഡിനെയും ഔട്ടർ റിംഗ് റോഡ് സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ അണ്ടർപാസിന്റെ സാധ്യത പരിശോധിക്കാൻ പഠനം നടത്തുമെന്നാണ് ബെംഗളൂരു ഈസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡിഎസ് രമേഷ് അറിയിച്ചിരിക്കുന്നത്.ഇതിലൂടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് (ട്രാഫിക്) കാർത്തിക് റെഡ്ഡിയോടൊപ്പം ഡിഎസ് രമേഷ് നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങള്‍ സന്ദർശിച്ചിരുന്നു.

ഈ സന്ദർശനത്തില്‍ ഹോപ്പ് ഫാം അണ്ടർപാസ്, റോഡ് വീതികൂട്ടല്‍, ഫ്രീ ലെഫ്റ്റ് ടേണ്‍, സ്കൈവോക്ക്, ബഫർ റോഡ് തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി.ഹോപ്പ് ഫാം ജംഗ്ഷനിലെ ഗെയില്‍ ഗ്യാസ് പൈപ്പുകള്‍, ബെസ്‌കോം വൈദ്യുതി ലൈനുകള്‍, ട്രാൻസ്ഫോർമർ പോസ്‌റ്റുകള്‍ തുടങ്ങിയ തടസങ്ങള്‍ നീക്കി അണ്ടർപാസ് നിർമാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് കമ്മീഷണർ നിർദ്ദേശം നല്‍കി.ആല്‍പൈൻ ഇക്കോ റോഡിനെയും ഒആർആർ സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തും അദ്ദേഹം പരിശോധന നടത്തി.ഇപ്പോള്‍ വാഹനയാത്രക്കാർക്ക് വലിയ ചുറ്റുവഴി പോകേണ്ടിവരുന്നതിനാല്‍ ഇവിടെ റെയില്‍വേ അണ്ടർപാസ് നിർമ്മിക്കാൻ സാങ്കേതിക സാധ്യതാ പഠനം നടത്താൻ നിർദ്ദേശം നല്‍കി. മരത്തഹള്ളി ജംഗ്ഷനില്‍, എച്ച്‌എഎല്‍ റോഡില്‍ നിന്ന് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്കൈവാക്ക് നിർമ്മിക്കാനുള്ള പദ്ധതിയും പരിശോധിച്ചു.കൂടാതെ വർത്തൂർ കോഡിയില്‍ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് ടേണ്‍ അനുവദിക്കാനാകുമോ എന്നും വിലയിരുത്തി.

തുബറഹള്ളി വിബ്ജ്യോർ സ്‌കൂള്‍ റോഡില്‍, ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിലവിലെ റോഡിന് സമാന്തരമായി ഒരു ബഫർ റോഡ് നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.പനത്തൂർ എസ് ക്രോസില്‍, റെയില്‍വേ അണ്ടർപാസിന് സമീപം സ്വകാര്യ ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടി നേരിട്ടുള്ള റോഡ് ബന്ധം ഒരുക്കുന്ന പദ്ധതി കൂടി അധികൃതർ ചർച്ച ചെയ്‌തു. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കലും സാങ്കേതിക സാധ്യതയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷണർ നിർദ്ദേശിച്ചു.ഭോഗനഹള്ളി റോഡ് ജംഗ്ഷനിലും, ഗതാഗതം സുഗമമാക്കാൻ ഫ്രീ ലെഫ്റ്റ് ടേണ്‍ ഒരുക്കാനാകുമോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group