ബെംഗളൂരു: കർണാടക കോണ്‍ഗ്രസിലെ സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ അധികാര തർക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടയില്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് അടിയന്തിരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു.തന്റെ മന്ത്രിസഭയിലെ ചില സഹപ്രവർത്തകർക്കും അടുത്ത അനുയായികള്‍ക്കുമൊപ്പമാണ് 77-കാരനായ മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. ചർച്ചയുടെ വിഷയം എന്താണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും ചൊവ്വാഴ്ച രാവിലെ പതിനൊന്നിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.ഇതേസമയം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഡല്‍ഹിയിലെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടില്ല. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാല്‍ താനും ഡല്‍ഹിക്ക് പോകുമെന്നും എന്നാല്‍ മുഖ്യമന്ത്രി പദം മാറുന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് തന്റെ ജോലിയല്ലെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. മുൻപ് കർണാടകയിലെ പ്രമുഖ നേതാവ് ഡി. ദേവരാജ് അരശിന്റെ റെക്കോർഡ് മറികടന്ന് കർണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന ചരിത്ര നേട്ടം സിദ്ധരാമയ്യ സ്വന്തമാക്കിയിരുന്നു.കോണ്‍ഗ്രസ് സർക്കാർ അധികാരത്തിലേറി രണ്ടര വർഷം പൂർത്തിയായ കഴിഞ്ഞ നവംബർ മുതല്‍ തുടങ്ങിയതാണ് ഇവിടുത്തെ നേതൃപ്രതിസന്ധി.
തുടർന്ന് കേരളം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കർണാടകയിലെ തർക്കങ്ങളില്‍ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തില് അദ്ദേഹത്തിന്റെ അനുയായികള്‍ “അടുത്ത മുഖ്യമന്ത്രി” എന്ന പോസ്റ്ററുകള്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ പതിച്ചതോടെയാണ് തർക്കം വീണ്ടും രൂക്ഷമായത്.രാഹുല്‍ ഗാന്ധി ഇരു നേതാക്കളുമായും സംസാരിച്ച് അടുത്ത രണ്ടു മൂന്ന് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുക, അല്ലെങ്കില്‍ സിദ്ധരാമയ്യയെ ഡല്‍ഹിയിലേക്ക് മാറ്റി രാജ്യസഭാ പ്രതിപക്ഷ നേതാവാക്കുകയും പകരം മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കുക, ഡി.കെ. ശിവകുമാറിന് ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള കൂടുതല്‍ ശക്തമായ വകുപ്പുകള്‍ നല്കി സിദ്ധരാമയ്യയെ തുടരാൻ അനുവദിക്കുക എന്നിവയാണ് നിലവില്‍ ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന പോംവഴികള്‍.