ബെംഗളൂരു:ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴിയെ സ്വാഗതം ചെയ്ത് ജനങ്ങള്‍. തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്ന് ഐടി നഗരമായ ബെംഗളൂരുവിനോട് ചേർന്നുള്ള നഗരമായ ബൊമ്മസാന്ദ്രയിലേക്ക് മെട്രോ ട്രെയിൻ കണക്റ്റിവിറ്റി സാധ്യമാക്കാനുള്ള തമിഴ്നാട് സർക്കാരിൻ്റെ നീക്കത്തിനാണ് ഹൊസൂർ നിവാസികളില്‍ നിന്നും കയ്യടി ലഭിക്കുന്നത്.പദ്ധതിക്കെതിരെ കർണാടക സർക്കാരില്‍ നിന്നും ശക്തമായ എതിർപ്പ് തുടരുന്നതിനിടെയാണ് ഹൊസൂരില്‍ നിന്ന് സ്വീകാര്യത ലഭിക്കുന്നത്.ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴി സാധ്യമാക്കുന്നതിനായി മിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിന്റെയും കർണാടക സർക്കാരിന്റെയും അനുമതി തേടിയിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിന് തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൻ്റെ കന്നി ബജറ്റില്‍ ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴിയുടെ ആവശ്യം പരാമർശിച്ചതോടെയാണ് പദ്ധതി വീണ്ടും ചർച്ചയാകുന്നത്.കർണാടക സർക്കാരിന്റെയും കേന്ദ്ര സർക്കാരിൻ്റെയും പിന്തുണയോടെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ നിന്ന് ബൊമ്മസാന്ദ്രയിലേക്ക് മെട്രോ റെയില്‍ പദ്ധതിയാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. ടിവികെ സർക്കാർ ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴി ബജറ്റില്‍ പരാമർശിച്ചതായും പദ്ധതി നടപ്പിലാക്കുമെന്നുമാണ് കരുതെന്ന് ഹൊസൂർ നിവാസി പറഞ്ഞു.”ദക്ഷിണേന്ത്യയിലെ ആദ്യ ക്രോസ് – ബോർഡർ മാസ് റാപ്പിഡ് ട്രാൻസിറ്റ് ലിങ്ക് പദ്ധതിയാണിത്. പദ്ധതി നടപ്പായാല്‍ യാത്രാ സമയം ഗണ്യമായി കുറയുകയും NH 44 ലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ചെയ്യും. ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന വ്യാവസായിക – ഐടി മേഖലകളെ ഇടനാഴി ബന്ധിപ്പിക്കുകയും ചെയ്യും” – എന്ന് സാമൂഹിക പ്രവർത്തകനും ഹൊസൂർ നിവാസിയുമായ എ ലക്ഷ്മണൻ ന്യൂഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ദിവസേന 12,000ത്തിലധികം ആളുകള്‍ ഹൊസൂരിനും ബെംഗളൂരുവിനും ഇടയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് ഹൊസൂരില്‍ നിന്നുള്ള ടെക്കിയായ കെ ശ്രീനിവാസൻ പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി രണ്ട് നഗരങ്ങള്‍ ഇടയിലായി മെട്രോ കണക്റ്റിവിറ്റി നല്‍കണമെന്ന് തങ്ങള്‍ തമിഴ്‌നാട് സർക്കാരിനോടും കർണാടക സർക്കാരിനോടും ആവശ്യപ്പെടുന്നുണ്ടെന്ന് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴി സാധ്യമായാല്‍ ഐടി നഗരമായ ബെംഗളൂരുവിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും. എന്നാല്‍ പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടനാഴി നടപ്പാക്കുന്നതില്‍ കർണാടക എതിർപ്പ് ശക്തമാക്കുന്നുണ്ട്. തമിഴ്‌നാടിലേക്ക് ഇത്തരമൊരു മെട്രോ റെയില്‍ കണക്റ്റിവിറ്റി ആവശ്യമില്ലെന്നുമാണ് കർണാടക സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദം. ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.