Home കർണാടക ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് കോറിഡോര്‍; ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കിയേക്കും

ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് കോറിഡോര്‍; ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കിയേക്കും

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് കോറിഡോറിലൂടെ ദിവസവും യാത്ര ചെയ്യുന്ന 25,000ലധികം ഇരുചക്രവാഹന യാത്രക്കാർക്ക് ഉടൻ ടോള്‍ ഒഴിവായേക്കും.16 വർഷത്തിലേറെയായി ടോള്‍ ഈടാക്കിയിരുന്ന പദ്ധതിയുടെ കരാർ കാലാവധി സെപ്റ്റംബർ 10ന് അവസാനിച്ചതിനെ തുടർന്ന് ദേശീയപാത അതോറിറ്റി പദ്ധതി ഏറ്റെടുത്തതോടെയാണ് ഇരുചക്രവാഹനങ്ങളില്‍ നിന്ന് ടോള്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നത്.സെൻട്രല്‍ സില്‍ക്ക് ബോർഡിനെയും ഇലക്‌ട്രോണിക് സിറ്റിയെയും ബന്ധിപ്പിക്കുന്ന 10 കിലോമീറ്റർ എലിവേറ്റഡ് കോറിഡോറിലെ ടോള്‍ പ്ലാസയുടെ പ്രവർത്തനം ഇപ്പോള്‍ ദേശീയപാത അതോറിറ്റിക്കാണ്. പദ്ധതിയുടെ പുതിയ സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച്‌ അധികൃതർ പരിശോധിച്ചുവരികയാണ്.

2010ല്‍ പ്രവർത്തനം ആരംഭിച്ച ഈ കോറിഡോർ ഹൊസൂർ റോഡിലൂടെ ഇലക്‌ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, അത്തിബെലെ മേഖലകളിലേക്ക് സിഗ്നല്‍ രഹിത യാത്ര സാധ്യമാക്കുന്നു. നിലവില്‍ നഗരത്തിലെ ഇരുചക്രവാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്ന ചുരുക്കം റോഡുകളില്‍ ഒന്നാണിത്. ഇരുചക്രവാഹനങ്ങള്‍ക്ക് പ്രതിമാസ പാസിന് 785 രൂപയും പ്രതിദിന പാസിന് 40 രൂപയും ഒറ്റയാത്രയ്ക്ക് 25 രൂപയുമാണ് ഈടാക്കുന്നത്.ദിവസവും 30,000ലധികം ഇരുചക്രവാഹന ഇടപാടുകള്‍ ടോള്‍ പ്ലാസയില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നാണ് ഇവിടുത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇലക്‌ട്രോണിക് സിറ്റി, അത്തിബെലെ ടോള്‍ പ്ലാസകള്‍ തമ്മില്‍ 14 കിലോമീറ്റർ മാത്രമാണ് ദൂരമെന്നും രണ്ടും 60 കിലോമീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നും വാഹനയാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുത്തതോടെ ടോള്‍ ഈടാക്കുന്നതിനുള്ള ചട്ടങ്ങളിലും മാറ്റമുണ്ടാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 1997ലെ ടോള്‍ നയപ്രകാരമാണ് ഇതുവരെ കരാറുകാരൻ ടോള്‍ ഈടാക്കിയിരുന്നത്. എന്നാല്‍ പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുത്തതിനാല്‍ 2008ലെ ടോള്‍ നയം അനുസരിച്ചായിരിക്കും ഇനി ടോള്‍ പിരിക്കുക.

ഈ ചട്ടപ്രകാരം ദേശീയപാതയുടെ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.പുതിയ ടോള്‍ നയം നടപ്പാക്കുന്നതോടെ കാറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങളുടെ ടോള്‍ നിരക്കിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാല്‍ കാറുകള്‍, ബസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് നിരക്കില്‍ ഉണ്ടാകുന്ന വർധന നേരിയതായിരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഐടി കമ്പനികളും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് എലിവേറ്റഡ് കോറിഡോർ നിർമ്മിച്ചത്.അതേസമയം, ടോള്‍ പ്ലാസ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ദേശീയപാത അതോറിറ്റിയുടേതായിരിക്കും. പരമ്പരാഗത ടോള്‍ പ്ലാസകള്‍ക്ക് പകരം വാഹനങ്ങള്‍ നിർത്താതെ ഇലക്‌ട്രോണിക് ആയി ടോള്‍ പിരിക്കാൻ കഴിയുന്ന മള്‍ട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനവും ഇവിടെ അധികൃതർ പരിഗണിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group