Home കർണാടക ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോടേക്ക് നേരിട്ട് ബസ്; ഫ്ലൈ ബസ് സര്‍വീസ് ഓഗസ്റ്റ് 15 മുതല്‍

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോടേക്ക് നേരിട്ട് ബസ്; ഫ്ലൈ ബസ് സര്‍വീസ് ഓഗസ്റ്റ് 15 മുതല്‍

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു എയർപോർട്ടില്‍ വിമാനമിറങ്ങുന്നവർക്ക് ഇനി കോഴിക്കോടേക്ക് നേരിട്ട് ബസില്‍ വരാം. ബെംഗളൂരു കെംപെഗൌഡ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോടേക്ക് ഫ്ലൈ ബസ് ആണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ അവതരിപ്പിച്ചിരിക്കുന്നത്.ഓഗസ്റ്റ് 15 മുതലാണ് ഫ്ലൈ ബസ് സർവീസ് ആരംഭിക്കുന്നത്.വിമാനയാത്രക്കാരെ ലക്ഷ്യമിട്ടാണ് കർണാടക ആർടിസിയുടെ ഫ്ലൈ ബസ് സർവീസ്. രാത്രി എയർപോർട്ടിലെത്തുന്നവർക്ക് കേരളത്തിലേക്ക് ബസില്‍ പോകണമെങ്കില്‍ നിലവില്‍ ബെംഗളൂരു സിറ്റിയിലേക്ക് പോകണം. ഇവിടെ നിന്നാണ് നിലവിലെ ബസ് സർവീസുകളെല്ലാം. എന്നാല്‍ ഇനി നഗരത്തില്‍ പ്രവേശിക്കാതെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് കോഴിക്കോടേക്കുള്ള സർവീസിനാണ് അവസരം ഒരുങ്ങുന്നത്.ബെംഗളൂരു കെംപെഗൌഡ വിമാനത്താവളത്തില്‍ നിന്ന് രാത്രി 10:45നാണ് കോഴിക്കോടേക്കുള്ള ബസ് പുറപ്പെടുക.

പിറ്റേന്ന് രാവിലെ 07:15ന് കോഴിക്കോട് എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യെലഹങ്ക, ഹെബ്ബാള്‍, നായന്ദഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഹുൻസൂർ, ഗോണിക്കൊപ്പ, പൊന്നംപേട്ട്, കുട്ട, മാനന്തവാടി, കല്‍പ്പറ്റ വഴിയാണ് ബസ് സർവീസ്.ബെംഗളൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരു 960, ഗോണിക്കൊപ്പ 1,200, മാനന്തവാടി 1,350, കല്‍പ്പറ്റ 1,400 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലേക്കുള്ള നിരക്കുകള്‍. കോഴിക്കോട് നിന്നുള്ള മടക്കയാത്ര വൈകീട്ട് 07:30നാണ് പുറപ്പെടുക. പുലർച്ചെ 04:15നാണ് ബസ് ബെംഗളൂരുവിലെത്തുക. രാവിലെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവർക്ക് ഈ ബസ് സർവീസ് ഉപകാരപ്പെടും.സമാനമായി രാത്രിയില്‍ ബെംഗളൂരുവില്‍ വിമാനമിറങ്ങുന്ന യാത്രക്കാർക്ക് കേരളത്തിലേക്ക് വരാനും ബസ് സർവീസ് ഉപകാരപ്പെടും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുറവാണെന്നതിനാല്‍ ബെംഗളൂരു വഴി നാട്ടിലേക്ക് വരുന്ന മലയാളികള്‍ നിരവധിയാണ്.

വടക്കൻ കേരളത്തില്‍ ഉള്ളവരാണ് കൂടുതലായും കെംപെഗൌഡ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ഇവർക്ക് പ്രയോജനപ്പെടുന്ന സർവീസാണിത്. വടക്കൻ കേരളത്തിലേക്കുള്ള മലയാളികള്‍ക്ക് പുറമെ മൈസൂരു, കുടക് മേഖലകളില്‍ നിന്നുള്ള യാത്രക്കാർക്കും ഫ്ലൈ ബസ് സർവ്വീസ് പ്രയോജനപ്പെടും.കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ ഫ്ലൈ ബസ്കർണാടക കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ പ്രീമിയം നോണ്‍ – സ്റ്റോപ്പ് വോള്‍വോ മള്‍ട്ടി – ആക്‌സല്‍ ബസുകളാണ് ഫ്ലൈ ബസ്. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവണ്‍ഗെരെ തുടങ്ങി പ്രധാന നഗരങ്ങളിലേക്ക് ഫ്ലൈ ബസ് സർവീസ് നടത്തുന്നുണ്ട്. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളാണ് ഫ്ലൈ ബസില്‍ ഉള്ളത്. വിമാനത്തിലേത് പോലെ പാനീയങ്ങളും ലഘുഭക്ഷണങ്ങളും ഉള്‍പ്പെടെയുള്ള സ്നാക് കിറ്റുകളും യാത്രക്കാർക്ക് ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group