ബന്ധുക്കളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ ബെംഗളൂരുവിലെ 22കാരി കണ്ടെത്തിയ വഴി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്ന കാര്യം ബന്ധുക്കള്‍ ചോദ്യം ചെയ്യുമെന്ന് കരുതിയ യുവതി, കുറച്ച് ദിവസത്തേക്ക് തനിക്കൊപ്പം താമസിച്ച് ഫ്ലാറ്റ്മേറ്റായി അഭിനയിക്കാൻ ഒരു യുവതിയെ തേടിയാണ് റെഡ്ഡിറ്റില്‍ പോസ്റ്റിട്ടത്. പോസ്റ്റ് വൈറലായതോടെ 150 ലേറെ നേരിട്ടുള്ള സന്ദേശങ്ങളാണ് ലഭിച്ചത്.പൂർണമായി സജ്ജീകരിച്ച വീട്ടില്‍ സ്വകാര്യ മുറി, സൗജന്യ താമസം, ഭക്ഷണം എന്നിവ നല്‍കാമെന്നായിരുന്നു യുവതിയുടെ വാഗ്ദാനം. ബന്ധുക്കള്‍ എത്തുന്ന ദിവസങ്ങളില്‍ സാധാരണ ഫ്ലാറ്റ്മേറ്റിനെപ്പോലെ പെരുമാറുക, വീട്ടുജോലികള്‍ ഒരുമിച്ച് ചെയ്യുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുക, ബന്ധുക്കളുടെ ചോദ്യങ്ങള്‍ക്ക് സ്വാഭാവികമായി മറുപടി നല്‍കുക എന്നിവ മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
കുറച്ച് ദിവസത്തേക്ക് മാത്രമുള്ള ക്രമീകരണമാണെന്നും യുവതി വ്യക്തമാക്കിയിരുന്നു.പോസ്റ്റ് ശ്രദ്ധ നേടിയതോടെ നിരവധി സ്ത്രീകളും ദമ്പതികളും മറ്റ് ചിലരും താല്പര്യം പ്രകടിപ്പിച്ച് സന്ദേശമയച്ചു. ചിലർ കൗതുകം കൊണ്ടും പ്രതികരിച്ചു. പുരുഷന്മാരില് ചിലർ പോലും സ്ത്രീയുടെ വേഷത്തില്‍ എത്താമെന്ന് സന്ദേശമയച്ചതായും യുവതി പിന്നീട് വ്യക്തമാക്കി. നിരവധി പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഏതാനും പേരെ തിരഞ്ഞെടുത്ത് സംസാരിച്ചുവരികയാണെന്നും അവർ അറിയിച്ചു.അസാധാരണമായ ഈ താമസ ക്രമീകരണം റെഡ്ഡിറ്റ് ഉപയോക്താക്കള്‍ക്കിടയിലും രസകരമായ ചർച്ചയ്ക്ക് വഴിവച്ചു. ബന്ധുക്കളെ എങ്ങനെ വിശ്വസിപ്പിക്കുമെന്നതിനെക്കുറിച്ച് പലരും തമാശയോടെ നിർദേശങ്ങളും പങ്കുവച്ചു. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണം ലഭിച്ചതോടെ സംഭവത്തിന്റെ തുടർവിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും യുവതി അറിയിച്ചു.