ആത്മഹത്യ ചെയ്യാനായി പുഴയിലേക്ക് ചാടിയ വിദ്യാർഥി ഒഴുകിപ്പോകുന്നതിനിടെ മരത്തില്‍ കുടുങ്ങിക്കിടന്നത് ഒരു രാത്രി മുഴുവനും.ഒടുവില്‍ പിറ്റേദിവസം തിരികെ ജീവിതത്തിലേക്ക്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കില്‍ കാവേരി നദിയില്‍ ചാടിയ വിദ്യാർഥിനിയാണ് പിറ്റേദിവസം ജീവിതത്തിലേക്ക് മടങ്ങി വന്നത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം വെള്ളിയാഴ്ച അഗ്നിരക്ഷാസേനയെത്തി വിദ്യാർഥിനിയെ രക്ഷപ്പെടുത്തുകയായിരുന്നു. ബെംഗളൂരുവിലെ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാർഥി ശ്രീരംഗപട്ടണ സ്വദേശിനിയാണ്.വ്യാഴാഴ്ച വൈകുന്നേരം ഹംഗരഹള്ളിക്കുസമീപത്തുവെച്ചാണ് പെണ്‍കുട്ടി പുഴയിലേക്ക് ചാടിയത്.
അഞ്ചുകിലോമീറ്ററോളം ഒഴുകിപ്പോയി നദിയുടെ നടുവിലുള്ള ഒരു മരത്തില്‍ കുടുങ്ങി. ഇതോടെ ഭയന്ന് നിലവിളിച്ച് രാത്രിമുഴുവൻ മരത്തിലിരുന്നു. വെള്ളിയാഴ്ച രാവിലെ ആരോ കരയുന്നതായി ശ്രദ്ധയില്‍പ്പെട്ട കർഷകർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് എസ്‌ഐ എൻ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
പിന്നീട് വിദ്യാർഥിനിയെ മാതാപിതാക്കള്‍ക്ക് ഒപ്പം പറഞ്ഞയച്ചു.ഒരുപക്ഷെ നദിയില്‍ ജലനിരപ്പ് അല്‍പ്പം കൂടി ഉയർന്നിരുന്നെങ്കില്‍ വിദ്യാർഥിയുടെ ജീവൻ തിരികെ കിട്ടില്ലായിരുന്നുവെന്നും. അത്ഭുതകരായ രക്ഷപെടലിനാണ് ഇതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിന്റെ പിന്നിലെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.