ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഔട്ടർ റിങ് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ.450 കോടി രൂപയുടെ സമഗ്ര പുനർനിർമ്മാണ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ ഭയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ വരെയുള്ള 17.1 കിലോമീറ്റർ പാതയിലാണ് വലിയ മാറ്റങ്ങള്‍ വരുത്തുക. പദ്ധതിയുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് പൂർണ്ണമായും ഒഴിവാക്കാനുള്ള നിർണായക നിർദേശങ്ങളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.റോഡ് വികസനത്തിന്റെ ഭാഗമായി ദൊഡ്ഡനേക്കുന്ദി ജംഗ്ഷനിലെ കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ശിവാനന്ദ സർക്കിളിലേത് പോലുള്ള പുതിയ ഫ്ലൈഓവർ നിർമ്മിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.കോടിബീസനഹള്ളി ജംഗ്ഷനില്‍ ആദ്യം താല്‍ക്കാലിക ട്രാഫിക് നിയന്ത്രണങ്ങള്‍ പരീക്ഷിച്ച് നോക്കും.
ഇത് വിജയകരമായാല്‍ ഇവിടെ സ്ഥിരമായ ട്രാഫിക് ഡിസൈൻ നടപ്പിലാക്കാനാണ് തീരുമാനം.ബെല്ലന്തൂർ എക്കോസ്പേസിന് സമീപമുള്ള വലിയ വാട്ടർ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനും തൊട്ടടുത്തുള്ള രാജാക്കലുവെ വികസിപ്പിച്ച് റോഡ് വീതികൂട്ടാനും നിലവിലുള്ള സർവീസ് റോഡ് സ്കൈവാക്ക് വരെ നീട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇബലൂർ ജംഗ്ഷനില്‍ പുതിയ ഫ്ലൈഓവർ നിർമ്മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ മന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. ദേവരബീസനഹള്ളി ജംഗ്ഷനിലെ വൻ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഈ സമഗ്ര പുനർനിർമ്മാണം നടക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാത്രി ഈ പാതയില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കും പൊതുഗതാഗതത്തിനും ഒരുപോലെ സുരക്ഷിതമായ രീതിയില്‍ ഫുട്പാത്തുകള്‍, സർവീസ് റോഡുകള്‍, ബസ് ബേകള്‍, മീഡിയനുകള്‍, ഓടകള്‍ എന്നിവയെല്ലാം ഒരുപോലെ പുനർരൂപകല്‍പ്പന ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക താമസക്കാരുമായും മറ്റ് പങ്കാളികളുമായും ചർച്ചകള്‍ നടത്തിയ ശേഷമേ പദ്ധതി പൂർണ്ണമായി നടപ്പിലാക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.അതേസമയം, നിലവില്‍ നിർമ്മാണത്തിലിരിക്കുന്ന നമ്മ മെട്രോയുടെ ‘ബ്ലൂ ലൈൻ’ സർവീസ് ആരംഭിച്ചതിന് ശേഷം മാത്രമേ റോഡ് വികസനം തുടങ്ങാവൂ എന്നാണ് യാത്രക്കാരുടെ ആവശ്യം.
രണ്ട് നിർമ്മാണങ്ങളും ഒന്നിച്ച് നടക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നാണ് ഇവർ പറയുന്നത്. കെ.ആർ പുരം മുതല്‍ മരത്തഹള്ളി വരെയും സാധ്യമെങ്കില്‍ എച്ച്എസ്ആർ ലേഔട്ട് വരെയുമുള്ള ബ്ലൂ ലൈൻ മെട്രോയുടെ പരീക്ഷണ ഓട്ടം ഒക്ടോബറോടെ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.ഉദ്യോഗസ്ഥർക്കെതിരെ മന്ത്രിയുടെ രൂക്ഷവിമർശനംപദ്ധതി പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിനിടയില്‍ ദൊഡ്ഡനേക്കുന്ദി ജംഗ്ഷനില്‍ എത്തിയ മന്ത്രി റോഡുകളുടെ മോശം അവസ്ഥ കണ്ട് ഉദ്യോഗസ്ഥർക്ക് നേരെ രൂക്ഷവിമർശനം നടത്തി. പുതിയതായി ടാർ ചെയ്ത സർവീസ് റോഡുകള്‍ മറ്റ് പൈപ്പ് ഇടീല് ജോലികള്‍ക്കായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കണ്ടാണ് മന്ത്രി പ്രകോപിതനായത്. ആളുകള്‍ മരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ എന്നും നിങ്ങളുടെ ജോലി ചെയ്യാൻ ഞങ്ങള്‍ വന്ന് യാചിക്കണോ എന്നും മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു. അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച ഏജൻസികള്‍ക്കെതിരെ കർശന നടപടിയെടുക്കാനും റോഡ് ഉടൻ പൂർവ്വസ്ഥിതിയിലാക്കാനും മന്ത്രി ഉത്തരവിട്ടു. റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ഫുട്പാത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും താഴ്ന്നു കിടക്കുന്ന ബെസ്കോം കേബിളുകള്‍ മാറ്റാനും മന്ത്രി നിർദ്ദേശം നല്കി.