ബെംഗളൂരുവില്‍ അംഗപരിമിതനാണെന്ന് വരുത്തിതീർത്ത് ഭിക്ഷ യാചിച്ച യുവാവിനെ നാട്ടുകാർ കയ്യോടെ പിടികൂടിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചർച്ചയാകുന്നു.ശരീരത്തിന് ചലനശേഷിയില്ലെന്ന് കാണിച്ച് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ച യുവാവിന്റെ തട്ടിപ്പാണ് നാട്ടുകാരുടെ ഇടപെടലിലൂടെ പുറത്തുവന്നത്. ഇത്തരത്തിലുള്ള വ്യാജ ഭിക്ഷാടനത്തിനെതിരെ കടുത്ത വിമർശനമാണ് ഓണ്‍ലൈൻ ലോകത്ത് ഉയരുന്നത്.ബെംഗളൂരുവിലെ തിരക്കേറിയ തെരുവില്‍ വടിയുടെ സഹായത്തോടെ കാലിഴച്ച് വളരെ ബുദ്ധിമുട്ടിലാണ് യുവാവ് നടക്കുന്നതെന്ന വ്യാജേനയെത്തിയാണ് ഭിക്ഷ യാചിച്ചിരുന്നത്.
എന്നാല്‍ ദിവസങ്ങളായി ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ നിരീക്ഷിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. നാട്ടുകാർ തടഞ്ഞുനിർത്തിയപ്പോള്‍ യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ സാധാരണ പോലെ നടക്കാൻ കഴിയുന്ന ഇയാളുടെ യഥാർത്ഥ അവസ്ഥ പുറത്തുവന്നു.പരസ്യമായി പിടിക്കപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ നിന്ന യുവാവിന്റെ ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്നവർ ക്യാമറയില്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ഉത്തരപ്രദേശ് സ്വദേശിയായ മുകേഷ് എന്ന യുവാവാണ് ഇത്തരത്തില്‍ ആളുകളെ കബളിപ്പിച്ചതെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഒരു ആഴ്ച മുമ്പ് ബെംഗളൂരുവില്‍ എത്തിയ ഇയാള്‍ ജീവിക്കാനായി ഈ മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികള്‍ക്കായി സുമനഹള്ളിയിലെ ഭിക്ഷക്കാരുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. യഥാർത്ഥത്തില്‍ അർഹതപ്പെട്ട സഹായങ്ങള്‍ ലഭിക്കേണ്ട അശരണരെയും ഭിക്ഷാടന രംഗത്തെ ഇത്തരം വ്യാജന്മാരെയും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നത്.