Home കർണാടക ബെംഗളൂരുവിനെ ക്ലീനാക്കാൻ ‘ജെസിബി’; പൊതുവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കാൻ ക്യാമ്പയിൻ, ഓഗസ്‌റ്റ് 1 മുതല്‍

ബെംഗളൂരുവിനെ ക്ലീനാക്കാൻ ‘ജെസിബി’; പൊതുവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കാൻ ക്യാമ്പയിൻ, ഓഗസ്‌റ്റ് 1 മുതല്‍

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തെ ശുദ്ധീകരിക്കാൻ പുതിയ ക്യാമ്പയിനുമായി അധികൃതർ. ബെംഗളൂരുവിലെ നടപ്പാതകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍, ഒഴിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന നിർമാണ അവശിഷ്‌ടങ്ങള്‍, മണ്ണ്, ഉപേക്ഷിക്കപ്പെട്ട വസ്‌തുക്കള്‍, പഴയ മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനായാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഈ ക്യാമ്പയിൻ ആരംഭിക്കുന്നത്.ഓഗസ്‌റ്റ് 1 മുതല്‍ ഒരു മാസത്തെ പ്രത്യേക ശുചീകരണ ക്യാമ്പയിനാണ് നടക്കുക.’ജസ്‌റ്റ് ക്ലീൻ ബെംഗളൂരു’ (ജെസിബി) എന്ന മുദ്രാവാക്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിൻ ആരംഭിക്കുന്നതിന് മുന്നോടിയായി, ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു.

നമ്മ മെട്രോ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്, കർണാടക ഇൻഡസ്ട്രിയല്‍ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡ്, ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി, കെ-റൈഡ്, ദേശീയപാത അതോറിറ്റി എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.’ഈ ഘട്ടത്തില്‍ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യില്ല. പകരം, മണ്ണ്, നിർമ്മാണ-പൊളിക്കല്‍ അവശിഷ്‌ടങ്ങള്‍, ഉപേക്ഷിക്കപ്പെട്ട പൈപ്പുകള്‍, വൈദ്യുതി തൂണുകള്‍, കല്ലുകള്‍, കാട്ടുചെടികള്‍, മറ്റ് വലിയ മാലിന്യങ്ങള്‍ എന്നിവ മാത്രം നീക്കം ചെയ്യുന്നതിനാണ് മുൻഗണന നല്‍കുന്നത്. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ സ്ഥലങ്ങള്‍ പിന്നീട് പ്രത്യേക ഘട്ടത്തില്‍ ശുചീകരിക്കും’ മന്ത്രി അറിയിച്ചു.മുഖ്യമന്ത്രി ഡികെ ശിവകുമാർ ഓഗസ്‌റ്റ് 1-ന് ഔദ്യോഗികമായി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.

ഓഗസ്‌റ്റ് മാസം മുഴുവൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടക്കും. ഇതിനോടകം നടത്തിയ സർവേയില്‍ നഗരത്തിലെ 1616 സ്ഥലങ്ങളിലായി ഏകദേശം 22,000 ടണ്‍ പഴയ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇവ ഈ സമയം കൊണ്ട് പൂർണമായി എടുത്തുമാറ്റാനും നഗരത്തെ കൂടുതല്‍ ശുചിയാക്കാനുമാണ് ക്യാമ്പയിനിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഒരു മാസത്തെ ക്യാമ്പയിനിലൂടെ ഇത് പൂർണമായും പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനായി കൃത്യമായ ആസൂത്രണത്തോടെയാണ് ജിബിഎ പദ്ധതികള്‍ ഒരുക്കുന്നത്.അതേസമയം, ബെംഗളൂരുവിലെ ഫുട്‌പാത്തുകള്‍ ശുചീകരിക്കുന്ന, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഡ്രൈവ് ഇപ്പോഴും തുടരുകയാണ്.

ജൂലൈ 27 വരെ നഗരത്തിലെ 673.71 കിലോമീറ്റർ നീളമുള്ള നടപ്പാതകളില്‍ നിന്നുള്ള കൈയേറ്റങ്ങളും തടസങ്ങളും അധികൃതർ നീക്കം ചെയ്‌തു. പേരെഴുതിയ ഫലകങ്ങള്‍, കിയോസ്‌കുകള്‍, കസേരകളും മേശകളും, നടപ്പാതയിലേക്ക് വ്യാപിച്ചുകിടന്ന കടകളും തെരുവ് കച്ചവടക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.ഈ നടപടിയുടെ ഭാഗമായി 2,982 ടണ്‍ നിർമാണ അവശിഷ്‌ടങ്ങളും, 5107 പരസ്യ ബോർഡുകളും തൂണുകളും, 3165 പടികളും റാംപുകളും, 2332 കടകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും നീക്കം ചെയ്‌തതായി അധികൃതർ അറിയിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ റോഡരികില്‍ കാലങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങളും മറ്റ് അവശിഷ്‌ടങ്ങളും നീക്കം ചെയ്യാൻ അധികൃതർ ഒരുങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group