കള്ളിക്കാട്: ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലായിരുന്നെന്നു കണ്ടെത്തിയതിനെത്തുടർന്ന് കള്ളിക്കാട് എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ കെ.എസ്.ഷിൻരാജിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഒക്ടോബർ 28നു ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് അബോധാവസ്ഥയിലാണെന്ന വിവരം തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർക്കു ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.നെയ്യാറ്റിൻകര എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടറും സംഘവും അന്നേ ദിവസം ഉച്ചയ്ക്ക് 2.30ഓടെ കള്ളിക്കാട് എക്സൈസ് ചെക്ക്പോസ്റ്റിലെത്തി പരിശോധന നടത്തി.
പരിശോധനയില്‍ ചെക്ക്പോസ്റ്റിലെ ഡ്യൂട്ടി പോയിന്റിലും കണ്ടെയ്നർ മൊഡ്യൂളിലും ഉദ്യോഗസ്ഥരെ കണ്ടെത്താനായില്ല. തുടർന്നു ജനറല്‍ ഡയറി പരിശോധിച്ചപ്പോള്‍ രാവിലെ ഒന്പതിനു പ്രിവന്റീവ് ഓഫീസർ കെ. എസ്. ഷിൻരാജ് ഡ്യൂട്ടിയില്‍ പ്രവേശിച്ചതായി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ജീവനക്കാർക്ക് വിശ്രമിക്കാനായി വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ യൂണിഫോമില്‍ ഷിൻരാജിനെ കണ്ടെത്തു കയും ചെയ്തു.ഡ്യൂട്ടി സമയത്ത് വിശ്രമമുറിയില്‍ കഴിയുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടിയാണ് നല്‍കിയതെന്നും പെരുമാറ്റത്തില്‍ മദ്യപിച്ചതായി സംശയം തോന്നിയെന്നും ഉത്തരവില്‍ പറയുന്നു.
മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെത്തിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇദ്ദേഹം മദ്യപിച്ചിരുന്നതായി ഡോക്ടർ സർട്ടിഫിക്കറ്റ് നല്‍കിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.കേരള സിവില്‍ സർവീസസ് (ക്ലാസിഫിക്കേഷൻ, കണ്‍ട്രോള്‍ ആൻഡ് അപ്പീല്‍) ചട്ടങ്ങള്‍, 1960-ലെ ചട്ടം 10(1)(a) പ്രകാരമാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 29നു പുറത്തിറക്കിയ ഉത്തരവില്‍ തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. സൂരജാണ് ഒപ്പുവച്ചിരിക്കുന്നത്.