Home കർണാടക വായ്ക്കുള്ളില്‍ ഒളിപ്പിച്ചത് 82 ഗ്രാം സ്വര്‍ണം; ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ദുബായ് യാത്രികൻ പിടിയില്‍

വായ്ക്കുള്ളില്‍ ഒളിപ്പിച്ചത് 82 ഗ്രാം സ്വര്‍ണം; ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ദുബായ് യാത്രികൻ പിടിയില്‍

by ടാർസ്യുസ്

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കാൻ ശ്രമിച്ച പുതിയ സ്വർണക്കടത്ത് രീതി പാളിയതായി റിപ്പോർട്ട്.ദുബായില്‍നിന്നെത്തി ഗാസിയാബാദിലേക്ക് പോകാൻ തയ്യാറെടുത്ത മുഹമ്മദ് സിറാജ് എന്ന യാത്രക്കാരനാണ് വായ്ക്കുള്ളില്‍ രണ്ട് ക്യാപ്സ്യൂലുകളിലായി ഒളിപ്പിച്ച നിലയില്‍ 82 ഗ്രാം സ്വർണവുമായി സിഐഎസ്‌എഫിന്റെ പിടിയിലായത്.പുലർച്ചെ ഇൻഡിഗോ വിമാനത്തില്‍ വിമാനത്താവളത്തിലെത്തിയ ഇയാള്‍, ടെർമിനല്‍ 1-ലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു.

ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സബ് ഇൻസ്‌പെക്ടർ ദീപക് കുമാർ ശർമയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് വായുടെ ഉള്ളില്‍ പ്രത്യേകമായി ഒളിപ്പിച്ച നിലയില്‍ സ്വർണ ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയത്. ബോഡി സ്കാനറുകളുടെ കണ്ണുവെട്ടിക്കാമെന്ന കണക്കുകൂട്ടലിലാണ് പ്രതി ഈ വിചിത്രമായ മാർഗ്ഗം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കെംപെഗൗഡ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് പിടികൂടുന്ന രണ്ടാമത്തെ സമാനമായ കേസാണിത്. ഡിഐജി മഞ്ജുനാഥ് എച്ചിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘം ഓഗസ്റ്റ് 20-ന് ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് ട്രൗസറിനുള്ളില്‍ പൊടി രൂപത്തിലൊളിപ്പിച്ച 260 ഗ്രാം സ്വർണം പിടികൂടിയിരുന്നു. തുടർനടപടികള്‍ക്കായി കസ്റ്റഡിയിലെടുത്ത പ്രതിയെയും പിടിച്ചെടുത്ത സ്വർണവും എയർപോർട്ട് പോലീസിന് കൈമാറിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group