ബെംഗളൂരു: തനിക്കെതിരായ സ്വത്ത് സമ്പാദന ആരോപണങ്ങള്‍ നുണകളുടെ സമാഹാരമാണെന്ന് വിശേഷിപ്പിച്ച് കർണാകട മുഖ്യമന്ത്രി ഡികെ ശിവകുമാർ.തന്റെ 1,400 കോടിയുടെ സ്വത്ത് ബിസിനസ്സിലൂടെയും നിയമപരമായ നിക്ഷേപങ്ങളിലൂടെയും ഉണ്ടാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷിക്കാരന്റെ മകന് ബിസിനസ്സ് ചെയ്ത് സ്വത്ത് സമ്പാദിക്കാൻ അവകാശമുണ്ട്. തന്റെ നിക്ഷേപങ്ങളുടെ മൂല്യം കാലക്രമേണ വർദ്ധിച്ചതാണ് സ്വത്തിലുണ്ടായ വർധന. 1990-കളില്‍ 99,000 രൂപയ്ക്ക് വാങ്ങിയ ഭൂമിക്ക് ഇന്ന് 20 കോടിയോളം വിലയുണ്ടെന്ന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.തന്റെ സ്വത്തു വിവരങ്ങളെല്ലാം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന് മുന്നില്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.
ഇന്നുവരെ കൈക്കൂലി വാങ്ങിയിട്ടില്ല. ഇന്നുവരെ ഏതെങ്കിലും അഴിമതിയില്‍ കുടുങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെസമയം നൈസ് കോറിഡോറിനുള്ളില് കുമാരസ്വാമിയുടെ കുടുംബത്തിന് സ്വത്തുക്കളുണ്ടെന്നും, 2007-ല്‍ ലേലം വഴി ഭൂമി സ്വന്തമാക്കാൻ കുമാരസ്വാമി ശ്രമിച്ചിരുന്നെന്നും ശിവകുമാർ ആരോപിച്ചു.2004-ല്‍ 4 കോടി രൂപയായിരുന്ന ഡികെ ശിവകുമാറിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഒരു പതിറ്റാണ്ടു കൊണ്ട് 1,400 കോടിയിലധികം രൂപയായി ഉയർന്നത് എങ്ങനെയാണ് എന്ന ചോദ്യം കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉന്നയിച്ചിരുന്നു. ഇത് നൈസ് റോഡ് അഴിമതിയിലൂടെയാണെന്ന് കുമാരസ്വാമി ആരോപിച്ചു. 2004-ല്‍ നഗരവികസന മന്ത്രിയായിരിക്കെ ശിവകുമാറും നൈസ് അധ്യക്ഷൻ അശോക് ഖേനിയും ചേർന്ന് പദ്ധതിയുടെ ഫ്രെയിംവർക്ക് കരാറില്‍ മാറ്റങ്ങള്‍ വരുത്തുകയും, ടൗണ്‍ഷിപ്പുകളിലെ വില്‍ക്കാവുന്ന സ്ഥലം 45%-ല്‍ നിന്ന് 55% ആയി ഉയർത്തുകയും ചെയ്തു. നോട്ടിഫൈ ചെയ്ത ഭൂമികള്‍ ശിവകുമാറും കുടുംബാംഗങ്ങളും അനധികൃതമായി കൈവശപ്പെടുത്തിയെന്നും ഇതാണ് സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയതെന്നും കുമാരസ്വാമി ആരോപിച്ചു.
അനധികൃതമായി സ്വത്ത് സമ്പാദിച്ച ശിവകുമാർ രാജി വെക്കണമെന്ന് കുമാരസ്വാമി പറഞ്ഞു. ശിവകുമാറിന്റെ പാസ്പോർട്ട് കണ്ടുകെട്ടണമെന്നും, അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആഴശ്യപ്പെട്ടു. കൂടാതെ യാത്രക്കാരോട് നൈസ് റോഡില്‍ ടോള്‍ നല്‍കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.അതെസമയം ഡികെ ശിവകുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കൃഷ്ണ ബെരെ ഗൌഡ രംഗത്ത് വന്നു. കരാർ നിയമവിരുദ്ധമാണെങ്കില്‍ അത് റദ്ദാക്കാൻ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ കുമാരസ്വാമിയെ വെല്ലുവിളിച്ചു. മുൻപ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കുമാരസ്വാമി എന്തുകൊണ്ട് ഈ കരാർ റദ്ദാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.