ബെംഗളൂരു : കലബുറഗി മണ്ടേവാലയിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 55 പേർ ആശുപത്രിയിൽ. ഇന്നലെ തായപ്പ യാങ്കപ്പ ബേലൂർ (80) മരിച്ചതു കൂടാതെ 3 ദിവസം മുൻപ് ചന്ദ്രമ്മ (90)യും ഗാർഹിക പൈപ്പ് ലൈനിൽ നിന്നുള്ള മലിന ജലം കുടിച്ച് മരിച്ചിരുന്നു. കടുത്ത ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് 6 പേർ കലബുറഗി ജില്ലാ ആശുപത്രിയിലും 22 പേർ ജവർഗി താലൂക്ക് ആശുപത്രിയിലും 27 പേർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സയിലുള്ളത്.
കുഴൽക്കിണറുകളിൽ നിന്നുള്ള ജലം ടാങ്കുകളിൽ ശേഖരിച്ചാണ് വീടുകളിലേക്ക് വിതരണം ചെയ്യുന്നതെന്ന് ജില്ലാ ഹെൽത്ത് ഓഫിസർ ഡോ.ശരണ ബസപ്പ പറഞ്ഞു.കഴിഞ്ഞ 3 മാസത്തിനിടെ വടക്കൻ കർണാടകയിൽ വിവിധയിടങ്ങളിൽ ഒട്ടേറെപ്പേർ മലിനജലം കുടിക്കാനിടയായത് സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്.
ഓഗസ്റ്റിൽ വിജയ നഗരയിൽ മലിനജലം കുടിച്ച് 5 വയസ്സുകാരി മരിച്ചതിനു പുറമേ 10 പേർ ആശുപത്രിയിലായിരുന്നു. റായ്ച്ചൂരിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചതും വിവാദമായിരുന്നു. ജലവിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താനായി തദ്ദേശഭരണ സ്ഥാപനങ്ങൾ ഒട്ടേറെ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്.
ബൈക്കപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണ അന്ത്യം
ബെംഗളൂരു: ബൈക്കപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണ അന്ത്യം. കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു – ഷിംന ദമ്പതികളുടെ മകൻ ശ്രീരാഗ് (23) ആണ് ഇന്നലെ രാത്രി ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. എച്ച്. എസ്. ആർ ലേ ഔട്ടിലെ ടി എം ജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ്.അഞ്ച് മാസങ്ങൾക്ക് മുൻപാണ് ശ്രീരാഗ് ബെംഗളൂരുവിലെത്തിയത്. ശനിയാഴ്ച രാത്രി 8 മണിയോടെ മഡിവാള താവരെകെരെയിൽ വെച്ചായിരുന്നു അപകടം.
എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ യുവാവ് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ പോയി ഇടിച്ചു നട്ടെല്ലിന് പരിക്കേറ്റു. തൊട്ട് പിന്നാലെ മറ്റൊരു ബൈക്കിൽ വരികയായിരുന്ന സുഹൃത്തുക്കളായ അതുലും അഞ്ജുഷും ചേർന്ന് ശ്രീരാഗിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.
മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ച് പോസ്റ്റമോട്ടം നടന്നു.ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ രാത്രിതന്നെ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം അടക്കമുള്ള നിയമ നടപടികൾക്ക് സഹായം നൽകുന്നുണ്ട്.ശ്രീദേവി, ശ്രീഹണി എന്നിവരാണ് സഹോദരങ്ങൾ.