ബെംഗളൂരു: കർണാടകയിലെ കൂർഗില്‍ വിനോദസഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിതയെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ കർശന നടപടിയുമായി ടൂറിസം വകുപ്പ്.പീഡനം നടന്ന കുട്ട ഗ്രാമത്തിലെ ദേവി വില്ല ഹോം സ്റ്റേയുടെ ലൈസൻസ് റദ്ദാക്കി. സംഭവത്തില്‍ ഹോം സ്റ്റേ ഉടമയേയും സഹായിയായ വ്രുജേഷ് കുമാറിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അമേരിക്കയില്‍ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു യുവതി. പ്രതിയായ വ്രുജേഷ് കുമാർ ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി നല്കി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ വിവരം പുറംലോകം അറിയാതിരിക്കാൻ ഹോം സ്റ്റേ ഉടമ വൈഫൈ കണക്ഷൻ വിച്ഛേദിച്ചു. പിന്നീട് കണക്ഷൻ ലഭിച്ചതിന് ശേഷമാണ് ഹോം സ്റ്റേയില്‍ നിന്ന് യുവതി പുറത്തുകടന്നതെന്നുമാണ് റിപ്പോർട്ട്. തുടർന്ന് യുവതി അമേരിക്കൻ എംബസിയെ വിവരം അറിയിച്ചു. എംബസി അധികൃതർ മൈസൂരു പോലീസിന് നല്കിയ ഇമെയില്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ട പോലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ മെയ് 3 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആക്രമണത്തിന് ഇരയായ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.