എംഎല്‍എമാര്‍ മോശമായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിജയ് അടിയന്തര യോഗം വിളിച്ചു. പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് ബുധനാഴ്ചയാണ് മുഴുവന്‍ ടിവികെ എംഎല്‍എമാരെയും വിളിപ്പിച്ചിരിക്കുന്നത്.തുടര്‍ച്ചയായ ആരോപണങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുന്നു എന്ന് വിജയ് മനസിലാക്കിയ സാഹചര്യത്തിലാണ് യോഗം.ഡെപ്യൂട്ടി സ്പീക്കര്‍ രവി ശങ്കര്‍, കള്ളക്കുറിച്ചി എംഎല്‍എ അരുള്‍ വിഘ്നേഷ് എന്നിവര്‍ക്കെതിരെയാണ് പരാതികള്‍. കുടിവെള്ളമില്ലാത്തതിന്റെ പരാതി പറഞ്ഞ നാട്ടുകാരനെ രവി ശങ്കര്‍ മര്‍ദ്ദിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കിയ പിന്നാലെയാണ് ടിവികെയുടെ മറ്റൊരു എംഎല്‍എ വനിതാ കളക്ടറെ ശല്യം ചെയ്യുന്നു എന്ന ആരോപണം കനിമൊഴി ഉന്നയിച്ചിരിക്കുന്നത്.ഡെപ്യൂട്ടി സ്പീക്കര്‍ രവി ശങ്കര്‍ യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കാര്‍ത്തിക് കുമാര്‍ എന്ന വ്യക്തിക്കാണ് മര്‍ദ്ദനമേറ്റത്.
രവി ശങ്കറിന്റെ മണ്ഡലത്തിലെ താമസക്കാരനാണ് ഇദ്ദേഹം. കുടിവെള്ളമില്ലാത്തതിന്റെ പ്രശ്നം തദ്ദേശ സ്ഥാപനത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് എംഎല്‍എയെ കണ്ടപ്പോള്‍ വിവരം ധരിപ്പിക്കുകയായിരുന്നു. ഈ വേളയിലാണ് മര്‍ദ്ദനമേറ്റത്.ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ വെട്ടിലായി. തൊട്ടുപിന്നാലെ മറ്റൊരു വീഡിയോ ടിവികെ വൃത്തങ്ങള്‍ പുറത്തുവിട്ടു. എംഎല്‍എയുടെ അടുത്തിരിരുന്ന് കാര്‍ത്തിക് സംസാരിക്കുന്നതായിരുന്നു രണ്ടാമത്തെ വീഡിയോ. തനിക്ക് പ്രശ്നമില്ലെന്നും സംഭവം തെറ്റായി പ്രചരിപ്പിക്കുകയാണെന്നും കാര്‍ത്തിക് പറയുന്നു.അധികം വൈകാതെ മൂന്നാമതൊരു വീഡിയോ പുറത്തുവന്നു. എംഎല്‍എ ഭീഷണിപ്പെടുത്തി തന്നെകൊണ്ട് എടുപ്പിച്ച വീഡിയോ ആണ് നേരത്തെ പുറത്തുവന്നത് എന്നാണ് മൂന്നാമത്തെ വീഡിയോയില്‍ കാര്‍ത്തിക് പറയുന്നത്. ഇയാള്‍ തിരുച്ചിറപ്പള്ളി ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്. പരാതി ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. പരാതി ലഭിച്ചാല്‍ ശക്തമായ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.
ടിവികെയുടെ കള്ളക്കുറിച്ചി എംഎല്‍എ അരുണ്‍ വിഘ്നേഷ് ജില്ലാ കളക്ടറെ നിരന്തരം ശല്യം ചെയ്യുന്നു എന്നാണ് മറ്റൊരു ആരോപണം. മോശം സന്ദേശം ഫോണില്‍ അയക്കുന്നു, മദ്യപിച്ച് വീട്ടില്‍ വരുന്നു, കൂടുതല്‍ പോലീസുകാരെ സുരക്ഷയ്ക്ക് നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ശല്യപ്പെടുത്തുന്നു എന്നിവയാണ് എംഎല്‍എക്കെതിരായ ആരോപണങ്ങള്‍. ഡിഎംകെ നേതാവ് കനിമൊഴി ഇക്കാര്യം തുറന്നുപറഞ്ഞതോടെ ടിവികെ കൂടുതല്‍ വെട്ടിലായി. കളക്ടര്‍ ചീഫ് സെക്രട്ടറിയോട് പരാതിപ്പെട്ടു എന്നും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എമാര്‍ക്ക് ശക്തമായ നിര്‍ദേശങ്ങള്‍ നല്കാന് വിജയ്, മന്ത്രി ബുസി ആനന്ദ് എന്നിവര്‍ നാളെ പകല്‍ 11 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുന്നത്.