Home കർണാടക ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി

ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി

ബെംഗളൂരു: നഗരത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി സബർബൻ റെയില്‍ പദ്ധതി അതിന്റെ രണ്ട് ഇടനാഴികള്‍ക്കായി യൂറോപ്യൻ ട്രെയിൻ കണ്‍ട്രോള്‍ സിസ്‌റ്റം (ഇടിസിഎസ്) ലെവല്‍ 2 സ്വീകരിക്കാൻ ഒരുങ്ങുകയാണ്.സിഗ്നലിംഗ്, ട്രെയിൻ കണ്‍ട്രോള്‍ സിസ്‌റ്റത്തിന് ജിഎസ്‌ടിയും കസ്‌റ്റംസ് തീരുവയും ഒഴികെ 1017 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ കെ-റൈഡ് ബെംഗളൂരുവില്‍ ആദ്യമായി അവതരിപ്പിക്കുന്ന സംവിധാനത്തിനായി ഒരു ടെൻഡർ വിളിച്ചിട്ടുണ്ട്.നമ്മ മെട്രോയില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയ്ക്ക് സമാനമായി കമ്മ്യൂണിക്കേഷൻ അധിഷ്‌ഠിത ട്രെയിൻ കണ്‍ട്രോള്‍ (സിബിടിസി) ഉപയോഗിച്ചാണ് പദ്ധതി ആദ്യം നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ കെ-റൈഡ് പിന്നീട് യൂറോപ്യൻ റെയില്‍വേ സിഗ്നലിംഗ് സംവിധാനം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഓഗസ്‌റ്റില്‍ ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചു, ബെംഗളൂരു സബർബൻ ട്രാൻസ്പോർട്ട് പ്രോജക്റ്റിന്റെ നാല് ഇടനാഴികളിലും ഇടിസിഎസ് ലെവല്‍ 2 മതിയെന്ന് തീരുമാനമാവുകയായിരുന്നു.തത്സമയ വിവരങ്ങള്‍ നല്‍കുന്നതിലൂടെയും ട്രെയിൻ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെയും പുതിയ സംവിധാനം റെയില്‍വേ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിന്റെ വേഗതയ്ക്കും നീക്കത്തിനും മേല്‍നോട്ടം വഹിക്കാനും അപകടസാധ്യത കുറയ്ക്കാനും കൂടുതല്‍ കാര്യക്ഷമമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കും. ഈ സാങ്കേതികവിദ്യ സബർബൻ റെയില്‍ ശൃംഖലയുടെ ഭാവി വിപുലീകരണത്തിനും അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.നിലവില്‍ മല്ലിഗെ ലൈൻ എന്നറിയപ്പെടുന്ന ഇടനാഴി 2, കനക ലൈൻ എന്നറിയപ്പെടുന്ന ഇടനാഴി 4 എന്നിവ ടെൻഡറില്‍ ഉള്‍പ്പെടുന്നു. 25 കിലോമീറ്റർ ദൈർഘ്യമുള്ള മല്ലിഗെ ലൈൻ ബൈയപ്പനഹള്ളി ടെർമിനലിനെ ചിക്കബനവരയുമായി ബന്ധിപ്പിക്കുന്നതാണ്.

കരാറുകാരെ തിരഞ്ഞെടുത്ത് 21 മാസത്തിനുള്ളില്‍ അതിന്റെ സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.46 കിലോമീറ്റർ നീളമുള്ള കനക ലൈൻ ഹീലാലിഗയെ രാജൻകുണ്ടെയുമായി ബന്ധിപ്പിക്കും. 30 മാസത്തിനുള്ളില്‍ ഈ ഇടനാഴിയുടെ സിഗ്നലിംഗ് സംവിധാനവും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.അതേസമയം, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറി സബർബൻ റെയില്‍ പദ്ധതിക്കായി 51 ട്രെയിനുകള്‍ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും.ഓരോ ട്രെയിനിലും മൂന്ന് കോച്ചുകള്‍ ഉണ്ടാകും, അവ സ്‌റ്റെയിൻലെസ് സ്‌റ്റീല്‍ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റർ വേഗതയുള്ള ഈ ട്രെയിനുകള്‍ക്ക് ഒരേസമയം 350 യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കഴിയും. ആദ്യ നാല് ട്രെയിനുകള്‍ 2027-28 സാമ്പത്തിക വർഷത്തില്‍ വിതരണം ചെയ്യാനാണ് തീരുമാനം. തുടർന്ന് ശേഷിക്കുന്ന ട്രെയിനുകളും വേഗത്തില്‍ കൈമാറാനാണ് നിലവിലെ ധാരണ.

You may also like

error: Content is protected !!
Join Our WhatsApp Group