ബെംഗളൂരു: ഐപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൻ സുരക്ഷാവീഴ്ച. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടത്തിന് തൊട്ടുമുമ്പായി സ്റ്റേഡിയത്തിലെ ഇരുനൂറിലേറെ സിസിടിവി ക്യാമറകള്‍ വിച്ഛേദിക്കപ്പെട്ടു.സംഭവത്തില്‍ ഐവിഎസ് ഡിജിറ്റല്‍ സൊല്യൂഷൻസിലെ ജീവനക്കാരായ മഞ്ജുനാഥ് (ചിത്രദുർഗ), അബ്ദുള്‍ കലാം (ഉത്തർപ്രദേശ്) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കമ്പനി ശമ്പളം തടഞ്ഞുവെച്ചതിലുള്ള പക തീർക്കാനാണ് തങ്ങള്‍ ഈ പ്രവൃത്തി ചെയ്തതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കാലാവധി കഴിഞ്ഞ ആക്സസ് കാർഡുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ അതിസുരക്ഷാ മേഖലയായ സെർവർ റൂമില്‍ കടന്നുകൂടിയത്. അകത്തുകടന്ന യുവാക്കള്‍ എൻവിആർ, ഫൈബർ കണക്ഷനുകള്‍ എന്നിവ വിച്ഛേദിച്ചു. ഇതോടെ സ്റ്റേഡിയത്തിലെ പ്രവേശന കവാടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഇടങ്ങളിലെ ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്യുന്നത് തടസ്സപ്പെട്ടു. ക്യാമറകള്‍ പ്രവർത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ബാക്കപ്പ് സംവിധാനങ്ങള്‍ ഉപയോഗിച്ച് റിയല്‍ ടൈം മോണിറ്ററിങ് പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞു. നിലവില്‍ കബ്ബണ്‍ പാർക്ക് പൊലീസ് സ്റ്റേഷനില്‍ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.