വിമാനം പറന്നുകൊണ്ടിരിക്കെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ലോക്സഭാംഗം തേജസ്വി സൂര്യക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ.ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്കു പറന്ന 6E7339 ഇന്‍ഡിഗോ വിമാനത്തിലാണ് എം പി കാരണം ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്.കഴിഞ്ഞ ഡിസംബര്‍ പത്താം തീയതി ആയിരുന്നു സംഭവം നടന്നത്.
സഹയാത്രികരുടെ പരാതിയെ തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. തിരുച്ചിറപ്പള്ളിയില്‍ നടന്ന യുവമോര്‍ച്ചാ യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചതായിരുന്നു തേജസ്വി സൂര്യ എം പി. യാത്രാ മദ്ധ്യേ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച എം പി പരിഭ്രാന്തി പരത്തിയതായാണ് സഹയാത്രക്കാരന്‍ നല്‍കിയ പരാതിയിലുള്ളത്.ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലയും വിമാനത്തില്‍ തേജസ്വി സൂര്യക്കൊപ്പം ഉണ്ടായിരുന്നു.
എമര്‍ജന്‍സി വാതിലിന് അടുത്തിരുന്ന യാത്രക്കാരനെന്ന നിലയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാണ് അത് തുറക്കേണ്ടതെന്ന് ജീവനക്കാര്‍ എംപിയോട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ എംപി വാതില്‍ തുറക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ഏത് യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടില്ല. തേജസ്വി സൂര്യയാണോ എന്ന ചോദ്യങ്ങളോടും അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
റിപ്പബ്ലിക് ദിനാഘോഷം: പരേഡ് റിഹേഴ്‌സല്‍ 21 മുതല്‍
രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പരേഡിന്റെ റിഹേഴ്‌സൽ 21ന് തുടങ്ങും. 21നും 23നും ഉച്ചയ്‌ക്ക് ശേഷം റിഹേഴ്‌സലും 24ന് രാവിലെ ഡ്രസ് റിഹേഴ്‌സലും നടക്കും. കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.റിഹേഴ്‌സലിനും പരേഡിനും എത്തുന്ന കുട്ടികൾക്ക് ബസ്സുകളിൽ പാസ് അനുവദിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ വിപുലമായ രീതിയിലാണ് റിപ്പബ്ലിക് ദിനാഘോഷം നടക്കുക. പൊലീസ്, ജയിൽ, എക്സൈസ്, വനം വകുപ്പ്, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എസ്‌പിസി, ജൂനിയർ റെഡ്‌ക്രോസ് തുടങ്ങിയവയുടെ 35 പ്ലാറ്റൂണുകളും ഡിഎസ്‌സി സെന്ററിന്റെ ബാൻഡ് മേളവും അണിനിരക്കും.വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തിലേറെ ഫ്‌ളോട്ടുകളും പരേഡിനെ ആകർഷകമാക്കും. പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കി ഹരിതചട്ട പ്രകാരമാണ് ചടങ്ങുകൾ നടക്കുക. യോഗത്തിൽ എഡിഎം കെ.കെ ദിവാകരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.